കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ മുഖ്യപ്രതിയായ ജോളിയുടെ കാറിൽ നിന്നും സയനെെഡ് എന്ന് സംശയിക്കുന്ന വസ്തു കണ്ടെടുത്തു. സൂക്ഷ്മതയോടെ കാറിന്റെ രഹസ്യ അറയിൽ പേഴ്സിൽ നിരവധി കവറുകൾക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി നേരത്തേ മൊഴി നൽകിയിരുന്നത്.
ജോളിയുടെ വീടിനു തൊട്ടടുത്ത വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. വിഷം സൂക്ഷിച്ചത് കാറിലെന്ന് ജോളി മൊഴി നൽകിയിരുന്നു. വിശദമായ പരിശോധന തുടരുകയാണ് പൊലീസിപ്പോൾ. കൊടുവള്ളി സി.ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലാണ് പരിശോധന. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് അയക്കും.
അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളി നടത്തിയ ക്രൂരതകളെക്കുറിച്ച് രണ്ടാം ഭർത്താവ് ഷാജുവിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തിൽ ജോളി നല്കിയ മൊഴി വിശ്വാസ്യയോഗ്യമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയെന്നാണ് അറിയുന്നത്. ആദ്യം ഷാജു, ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ, ഷാജുവിനെ ചോദ്യം ചെയ്തപ്പോൾ ഏറെക്കുറേ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നുവെന്നാണ് മനസിലാകുന്നത്. ജോളിയും ഷാജുവും പരസ്പര വിരുദ്ധമായ മൊഴി നൽകിയത് ചോദ്യം ചെയ്യലിന് വിധേയനായ ഷാജുവിനോട് തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ ഷാജു കുറ്റസമ്മതം നടത്തിയെന്ന സൂചനയുമുണ്ട്.
ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താൻ ഷാജു ജോളിയെ സഹായിച്ചതായി സംശയമുണ്ടെന്ന് സിലിയുടെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് ഒപ്പിട്ട് നൽകിയത് ഷാജുവാണ്. സിലിയുടെ സഹോദരൻ സിജോയോട് ഒപ്പിടാൻ ഷാജുവും ജോളിയും നിർബന്ധിച്ചെങ്കിലും സിജോ തയ്യാറായില്ല. സിലിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ ഓടിച്ചിരുന്നത് ജോളിയായിരുന്നു. അവശയായ സിലിയെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും സിലിയുടെ ബന്ധു സേവ്യർ പറഞ്ഞിരുന്നു.