mannarasala

ഹരിപ്പാട്: സർവ്വാഭരണ വിഭൂഷകനായ നാഗരാജാവിനെ കണ്ടുതൊഴുവാൻ മണ്ണാറശാലയിൽ ദർശനപുണ്യം തേടിയെത്തിയത് പതിനായിരങ്ങൾ. പുളളുവൻപാട്ടിന്റെ ശബ്ദചൈതന്യത്താലും, അമ്മേ എന്ന പ്രാർത്ഥനകളാലും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മഞ്ഞൾ സുഗന്ധം നിറഞ്ഞു നിന്ന മണ്ണാറശാലയുടെ പുണ്യഭൂമിയിൽ നാഗരാജാവിന്റെ തിരുനാളിൽ കുടുംബകാർണവരുടെ മുഖ്യകാർമ്മികത്വത്തിൽ പൂജകൾ നടന്നു. ദിവസങ്ങളായി തിമിർത്ത് പെയ്യുന്ന മഴ നാഗത്താന്മാരുടെ ഉത്സവദിനങ്ങൾക്കായി വഴിമാറി നിന്നപ്പോൾ, കാവുകളിലെ വള്ളിപടർപ്പുകൾ പോലും താളം പിടിച്ച്, വൻ മരങ്ങൾ വെഞ്ചാമരം വീശി നിന്ന പുണ്യദിനത്തിൽ നാഗപ്രീതിയ്ക്കായി എത്തിയ പതിനായിരങ്ങളുടെ പ്രാർത്ഥനയാലും നാഗസ്തുതികളാലും അന്തരീക്ഷം മുഖരിതമായി.

നാഗരാജാവിന്റെ പിറന്നാൾ ദിനത്തിൽ അനുകൂലമായി നിന്ന കാലാവസ്ഥയും അകമ്പടി സേവിച്ചപ്പോൾ അമ്മയുടെ തിരുമുൻപിൽ സങ്കടക്കടൽ കരഞ്ഞ് പറയാൻ എത്തിയ ഭക്തർക്ക് നിലവറയ്ക്ക് സമീപം അമ്മ ദർശന പുണ്യമേകി. ആയില്യം നാളിൽ വെളുപ്പിന് മുതൽ ക്ഷേത്രത്തിൽ വൻ ജനാവലിയാണ് എത്തിയത്. വലിയമ്മയുടെ അനാരോഗ്യം കാരണം ആയില്യം എഴുന്നളളത്തും തുടർന്നുള്ള പൂജകളും ഇല്ലാതിരുന്നതിനാൽ ഉച്ചയ്ക്ക് മുമ്പ് ക്ഷേത്ര നടയിലും തുടർന്ന് നിലവറയ്ക്ക് സമീപവും വിവിധ മേള വാദ്യങ്ങളുടെ സേവ നടന്നു.

നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും നാഗചാമുണ്ഡിയുടെയും സർപ്പയക്ഷിയുടെയും ദിവ്യവിഗ്രഹങ്ങളും മണ്ണാറശ്ശാല വലിയമ്മയെയും കണ്ട് തൊഴുത് ജനസഹസ്രങ്ങൾ സായൂജ്യരായി. ആയില്യം നാളിൽ നാഗരാജാവിനെയും സർപ്പയക്ഷിയമ്മയെയും തിരുഭാവരണം ചാർത്തി കണ്ട് തൊഴുത ഭക്തർക്ക് മണ്ണാറശ്ശാല വലിയമ്മയുടെ തിരുമുമ്പിൽ സങ്കടങ്ങൾ നേരിട്ട് ബോധിപ്പിച്ച് ദർശന പുണ്യം നേടാനുമായി. ഇന്നലെ വെളുപ്പിനെ മുതൽ പതിനായിരങ്ങളാണ് ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തിയത്. ക്ഷേത്രനഗരിയായ ഹരിപ്പാട്ടെ ഒരോ വഴികഴളിലൂടെയും സഞ്ചരിച്ച ജനസഞ്ചയം ചെന്നെത്തിയത് മണ്ണാറശാലയിലേക്കായിരുന്നു.

പ്രകൃതി പോലും തൊഴുകൈകളോടെ നാഗരാജാവിന്റെ തിരുനടയിൽ പ്രണമിച്ച നാളിൽ വെളുപ്പിന് 3.30ന് നട തുറന്നു. അഭിഷേകങ്ങൾ പൂർത്തിയാക്കി പുലർച്ചെ 6 മണിയോടെ കുടുംബ കാർണവർ ആയില്യം നാളിലെ പൂജകൾ ആരംഭിച്ചു. വലിയമ്മ രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി. രാവിലെ ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് അമ്മ ദർശനം നൽകി. ഇളയമ്മ സാവിത്രി അന്തർജനവും സമീപത്ത് ഉണ്ടായിരുന്നു. നിവേദ്യത്തിന് ശേഷം രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ പ്രസാദമൂട്ട് ആരംഭിച്ചു.