റോഡ്എന്നു കേട്ടാൽ ജനത്തിന് ഭയമാണിപ്പോൾ. ഇതേ ഭയമാണ് കേരളാ ഹൈക്കോടതിയും ഇന്നലെ പങ്കു വച്ചത് . എത്രയും വേഗം റോഡിലെ കുഴികൾ അടയ്ക്കുവാനും, ഡിസംബർ 31 നു മുമ്പ് റോഡുകളുടെ അറ്റകുറ്റ പണി തീർക്കുവാനുമാണ് ഹൈക്കോടതി സർക്കാരിന് നൽകിയിരിക്കുന്ന അന്ത്യശാസനം. നിരത്തിലാണെങ്കിൽ എത്ര കുഴികളുണ്ടെങ്കിലും അതിനു മുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ. സാധാരണക്കാരന്റെ നടുവൊടിക്കുന്ന റോഡുകളാണിപ്പോൾ.ഒരു തവണ ഇത്തരം റോഡിലൂടെ യാത്ര ചെയ്താൽ രണ്ടാമത് അതുവഴി പോകുവാൻ ഭയപ്പെടുന്ന അവസ്ഥ. അടുത്തിടെ പൂർത്തീകരിച്ച ഏതാനും ബൈപാസുകൾ പണിതതൊഴിച്ചാൽ ബാക്കിയെല്ലാ റോഡുകളും തഥൈവ തന്നെ. ബൈപാസുകൾ ഒഴിവാക്കി സംസ്ഥാന പാതകളിലേക്കു കയറുമ്പോൾ യാത്രക്കാരന്റെ ദുർവിധിയും തുടങ്ങും. സംസ്ഥാന, തദ്ദേശ സ്ഥാപന റോഡുകളിൽ പുതിയ റോഡിനായി സ്ഥലം ഏറ്റെടുത്തു നൽകുന്നതോടെ കാര്യം കഴിഞ്ഞു എന്ന അവസ്ഥയാണ് സർക്കാരിനും അധികൃതർക്കും. പിന്നെ ടെണ്ടറിംഗ് നടപടികൾ ഇഴഞ്ഞു നീങ്ങുക ഒച്ചിന്റെ വേഗതയിൽ.

road-

പണി ഏറ്റെടുക്കുന്ന കരാറുകാരന് ചല്ലിയോ പാറയോ മണലോ സിമന്റോ നൽകുന്നതിലും പരാജയമായി മാറിയിരിക്കുകയാണ് അധികൃതർ. പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള അവസ്ഥ ഇതാണ്. എങ്ങും നിരത്തുകളിൽ കുണ്ടും കുഴിയും മാത്രം. റോഡുകളിലെ ഗർത്തങ്ങളും, നിരത്തുകളിലെ ഡ്രൈവറുടെ അശ്രദ്ധയും ഒരുമിച്ചാൽ പിന്നെ എന്തും സംഭവിക്കാവുന്ന അവസ്ഥ. കാസർകോട് പെർള ചെക്‌പോസ്റ്റിൽ അടുത്തിടെ ഒരു വീട്ടിനുള്ളിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറിയത് റോഡിന്റെ അവസ്ഥ കൊണ്ടാണ്.

അടുക്കത്തു വയലിൽ പാചക വാതക ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത് ഡ്രൈവർ റോഡിലെ കുഴി കണ്ടു തിരിക്കുന്നതിനിടെയാണ്. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ പറയുകയും വേണ്ട. കൊച്ചിയിൽ തുടങ്ങി കുതിരാൻ വഴി പാലക്കാട് ചെക്ക് പോസ്റ്റ് കടക്കുന്നത് വരെ അതിഭീകരം തന്നെയാണ്. പുനലൂർ മൂവാറ്റുപുഴ റോഡ്, കോഴിക്കോട് കണ്ണൂർ റോഡ്, കോട്ടയം നഗരത്തിലെ റോഡുകൾ , ആലപ്പുഴയിലെ വിവിധ റോഡുകൾ എല്ലാം യാത്രക്കാരന്റെ നടുവൊടിക്കുന്ന അവസ്ഥയാണുള്ളത്.