ലണ്ടൻ: കണ്ടയിനർ ലോറിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ 39 മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെ,ബ്രിട്ടനിലെ എസക്‌സിലെ വാട്ടേർ ഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിലെത്തിയ കണ്ടയിനർ ലോറിയിൽ നിന്നാണ് ഒരു കൗമാരക്കാരന്റേതുൾപ്പെടെ 39 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ ലോറി ഡ്രൈവറായ വടക്കൻ അയർലൻഡ് സ്വദേശിയായ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൾഗേറിയൽ രജിസ്റ്റർ ചെയ്ത ലോറി ശനിയാഴ്ചയായിരിക്കാം ബ്രിട്ടനിൽ പ്രവേശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് താത്കാലികമായി അടച്ചു.
'നിരവധി പേർക്ക് ജീവൻ നഷ്ടമായി. അതി ദാരുണമായ സംഭവമാണിത്. ശ്രമകരമായ ജോലിയാണെങ്കിലും കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഞങ്ങൾ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്'- എസ്ക്‌സിലെ പൊലീസ് പറഞ്ഞു.
അതേസമയം, കൊലപാതകത്തിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടേൽ എം.പി ഉൾപ്പെടെ നിരവധി പേർ ട്വിറ്ററിലൂടെ രംഗത്തെത്തി. സംഭവം ഞെട്ടലോടെയാണ് കേട്ടതെന്നും പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിനായി എല്ലാവിധ സഹായവും ചെയ്യുമെന്നും പ്രീതി ട്വീറ്റ് ചെയ്തു.
Shocked & saddened by this utterly tragic incident in Grays. Essex Police has arrested an individual and we must give them the space to conduct their investigations.
— Priti Patel MP (@patel4witham) October 23, 2019