വികസനത്തിന്റെ ചിറകിൽ എത്രമേൽ ഉയർന്ന് പറന്നാലും നമ്മുടെ രാജ്യത്ത് പട്ടിണി ഇപ്പോഴും അവശേഷിക്കുന്നു എന്നത് വേദനയോടെ നാം അംഗീകരിക്കേണ്ട സത്യമാണ്. സ്വന്തം കാര്യം സിന്ദാബാദ് എന്ന ചിന്തയോടെ ജീവിക്കുന്നവർക്കിടയിൽ വ്യത്യസ്തരാവുകയാണ് തൃശൂരിൽ ഒരു കൂട്ടം ചെറുപ്പക്കാർ. തൃശൂരിൽ പട്ടാളം റോഡിലെ ആളില്ലാത്ത ബസ് സ്‌റ്റോപ്പിൽ ഉച്ചയാവുമ്പോഴേക്കും തിരക്കേറും, ഒപ്പം മൂക്കിലേക്ക് നല്ല സദ്യയുടെ മണവും. സ്വാർത്ഥത നിറഞ്ഞ ലോകത്തിൽ മാനവികതയുടെ സന്ദേശവുമായി ആഹാരമൊരുക്കി കാത്തിരിക്കുകയാണ് ഒരു സംഘം യുവാക്കൾ. വിശക്കുന്ന വയറിന്റെ വേദന മനസിലാക്കി മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്സൺ പോളും കൂട്ടുകാരുമാണ് ഊണൊരുക്കി കാത്തിരിക്കുന്നത്. ദിവസവും നൂറുമുതൽ നൂറ്റമ്പത് വരെ ആളുകൾക്ക് ഇവിടെ നിന്നും സൗജന്യമായി ആഹാരം ലഭിക്കും.
ഇലയിലാണ് ഊണുവിളമ്പുന്നത്, തെരുവിൽ ആരുമില്ലാതെ അലയുന്നവർക്ക് വേണ്ട് മാത്രമല്ല ഇവർ ഊണൊരുക്കുന്നത്. കാശില്ല എന്ന കാരണത്താൽ ആഹാരം കഴിക്കാൻ കഴിയാത്ത ആർക്കുമുന്നിലും ഇവർ ഇല നിവർത്തും, ചോറുവിളമ്പും, ചൂടു സാമ്പാർ അതിലേക്കൊഴിക്കും, പിന്നെ തോരനും, അച്ചാറും, പച്ചടിയുമൊക്കെ പിന്നാലെ വിളമ്പും. നോൺവെജ് കഴിക്കുന്നവർക്ക് മീൻകറിയും നൽകും. ട്രസ്റ്റ് ചെയർമാൻ ജെയ്സൺ പോളിന്റെ വീട്ടിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പതിനൊന്ന് മണിയോടെ വാഹനത്തിൽ പഴയ ബസ്റ്റാന്റ് പരിസരത്തെത്തും. രണ്ട് മേശയ്ക്ക് ചുറ്റിലുമായി എട്ടോളം പേർക്കാണ് സദ്യ വിളമ്പുന്നത്. രണ്ട് വർഷമായി ഇവിടെ ഉച്ചയൂണ് നൽകുന്നത് തുടങ്ങിയിട്ട്. നൂറ് ആളെ ഊട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്നതാണ് മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുദ്രാവാക്യം.