sivakumar-

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25ലക്ഷം രൂപയുടെ ബോണ്ടിന്റെയും തുല്യതുകയ്‌ക്കുള്ള രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് മോചനം. ശിവകുമാർ രാജ്യം വിട്ടുപോകരുതെന്ന നിബന്ധനയും കോടതി വച്ചിട്ടുണ്ട്.

രേഖകൾ എല്ലാം അന്വേഷണ ഏജൻസികളുടെ പക്കലായതിനാൽ ശിവകുമാർ തെളിവ് നശിപ്പിക്കുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം സാക്ഷികളെ സ്വാധീനിച്ചതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽകിയത്.

സെപ്‌റ്റംബറിലാണ് ശിവകുമാറിനെ ( 57 ) എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തത്. നികുതി വെട്ടിപ്പും കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ആരോപിക്കപ്പെട്ടിരുന്നു. നാല് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ അടച്ചിരിക്കയായിരുന്നു. ജാമ്യം നിഷേധിച്ചതിനെതിരെ അദ്ദേഹം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്നലെ രാവിലെ തിഹാർ ജയിലിൽ എത്തി ശിവകുമാറിനെ കണ്ടിരുന്നു. അംബികാ സോണിയ്‌ക്കൊപ്പമാണ് സോണിയ തിഹാർ ജയിലിലെത്തിയത്. ശിവകുമാറിന്റെ സഹോദരൻ ഡി. കെ. സുരേഷും ഒപ്പമുണ്ടായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി തിങ്കളാഴ്ച ജയിലിലെത്തി ശിവകുമാറിനെ കണ്ടിരുന്നു. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയമായ പകപോക്കലാണെന്ന് കുമാരസ്വാമിയും അഭിപ്രായപ്പെട്ടിരുന്നു. കുമാരസ്വാമി സർക്കാരിനെ പലപ്രതിസന്ധികളിലും താങ്ങി നിറുത്തിയത് ശിവകുമാർ ആയിരുന്നു.