truck

ലണ്ടൻ: ബ്രിട്ടനിലെ എസക്‌സിൽ കണ്ടെയ്‌നർ ലോറിയിൽ ദുരൂഹസാഹചര്യത്തിൽ 39 മൃതദേഹങ്ങൾ കണ്ടെത്തി. എസക്‌സിലെ വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെത്തിയ ലോറിയിലെ കണ്ടെയ്‌നറിലാണ് ഒരു കൗമാരക്കാരന്റെ അടക്കം 39 മൃതദേഹങ്ങൾ പോലീസ് കണ്ടെത്തിയത്. ലോറി ഡ്രൈവറും വടക്കൻ അയർലൻഡ് സ്വദേശിയുമായ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് ലോറി പരിശോധിച്ചപ്പോൾ മൃതദേഹങ്ങൾ കണ്ടത്.

ബൾഗേറിയയിൽ രജിസ്റ്റൽ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് വെയിൽസിലെ ഹോളിഹെഡ് തുറമുഖം വഴി ബ്രിട്ടനിൽ പ്രവേശിച്ചതെന്ന് പോലീസ് കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ എസക്‌സിൽ നിന്ന് 480 കിലോമീറ്ററോളം അകലെയാണ് ഹോളിഹെഡ്. അയർലൻഡിൽ നിന്ന് ബ്രിട്ടനിലേക്കുള്ള പ്രധാനപാതയാണിത്.

അതിദാരുണമായ സംഭവമാണിതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ലോറി ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താത്കാലികമായി അടച്ചു.