hongkong-

ഹോങ്കോംഗ്: ഹോങ്കോംഗിലെ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകുന്ന ബിൽ ഹോങ്കോംഗ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി.

ഇക്കഴിഞ്ഞ ഏപ്രിലിൽ ഈ ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇതോടെ ജൂണിൽ

ബിൽ താത്കാലികമായി പിൻവലിച്ചിരുന്നു. ഇക്കാര്യം ഹോങ്കോംഗ് ചീഫ് അഡ്മിനിസ്ട്രേറ്റർ കാരി ലാം ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് അറിയിച്ചത്.

എന്നാൽ ബിൽ നിയമമാക്കാനുള്ള നീക്കം പൂർണമായി അവസാനിപ്പിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. അതേസമയം, തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമാണ് ബില്ല് പിൻവലിക്കുകയെന്നും ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും സമരക്കാർ അറിയിച്ചിരിക്കുകയാണ്. മാത്രമല്ല, ചൈനയെ പിന്തുണയ്ക്കുന്ന ഹോങ്കോംഗ് ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നതും പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമാണ്.

ബില്ല് അവതരിപ്പിച്ചതിനുശേഷം ഹോങ്കോംഗിൽ ഇതുവരെ നടന്നിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് അരങ്ങേറിയത്. തെരുവുകളിൽ പൊലീസും ജനങ്ങളും തമ്മിൽ പോരാടി. ജനാധിപത്യവാദികളും ചൈനാ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പൊലീസ് റബർ‌ ബുള്ളറ്റ് വെടിവയ്പും കണ്ണീർവാതകങ്ങളും പെപ്പർ സ്പ്രേയും ഉപയോ​ഗിച്ച് തുരത്തി. കല്ലുകളും ചില്ലുകളും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ പൊലീസിനെ പ്രതിരോധിച്ചു.

ചൈനയെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യൻ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയുടെ നിലപാട്.

1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ സ്വയംഭരണാവകാശത്തോടെയാണ് 1997ൽ ബ്രിട്ടൻ ചൈനയ്ക്ക് കൈമാറിയത്. ശേഷം ഇവിടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നിലനിന്നിരുന്നത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഹോങ്കോംഗിനുണ്ടായിരുന്നെങ്കിലും ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകൾ ശക്തമാണ്. എന്നാൽ, വിദേശ ശക്തികളാണ് ഹോങ്കോംഗിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നാണ് ചൈനയുടെ വാദം.

 കുറ്റവാളിയായ കാമുകൻ

ഹോങ്കോംഗ് സ്വദേശിയായ യുവതി തായ്‌ലാൻഡിൽ കൊല്ലപ്പെട്ടതും പ്രതിയായ കാമുകൻ ഹോങ്കോംഗിലേക്ക് മടങ്ങിയെത്തിയതുമാണ് നിയമഭേദഗതിക്ക് കാരണമെന്നാണ് ഹോങ്കോംഗ് പറയുന്നത്. തായ്‌ലാൻഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാൽ പ്രതിയെ അവിടേക്ക് വിട്ടുകൊടുക്കാനായില്ല. തായ്‌ലാൻഡിൽ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോംഗിൽ കേസെടുക്കാനും സാദ്ധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണു ഭേദഗതി കൊണ്ടുവന്നതെന്നാണു അധികൃതരുടെ വാദം.