jharghand-

ജാർഖണ്ഡ് നിയമസഭയിലെ നാല് പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസിൽനിന്നുള്ള സുഖ്ദോ ഭാഗത്, മനോജ് യാദവ്, ജാർഖണ്ഡ് മുക്തിമോർച്ചയിലെ (ജെ.എം.എം) കുനാൽ സാരംഗി, സ്വതന്ത്ര എം.എൽ.എ ഭാനു പ്രതാപ് സാഹി എന്നിവരാണ് ഇന്നലെ ബി.ജെ.പിയിൽ ചേർന്നത്. മുഖ്യമന്ത്രി രഘുബർ ദാസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വ വിതരണം. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച നന്ദ കിഷോർ യാദവ്, മുൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷത്തെ വെട്ടിലാക്കി എം.എൽ.എമാരുടെ കൂറുമാറ്റം. ജെ.എം.എം എം.എൽ.എയായ ജയ്പ്രകാശ് ഭായും ബി.ജെ.പിയിൽ ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. 82 അംഗ നിയമസഭയിൽ നിലവിൽ 43 എം.എൽ.എമാരാണ് ബി.ജെ.പിക്ക്‌ ഉള്ളത്. കോൺഗ്രസിന് 9 എം.എൽ.എമാരും ജെ.എം.എമ്മിന് 19 എം.എൽ.എമാരുമാണ് ഉണ്ടായിരുന്നത്. അതേസമയം, ഇന്നലെ ബി.ജെ.പിയിൽ ചേർന്നവരിൽ സ്വതന്ത്രൻ ഒഴികെയുള്ള മൂന്നു പേർ അയോഗ്യരാകാനാണ് സാധ്യത.