കൊച്ചി: പി.വി.സി പൈപ്പ്, ഫിറ്റിംഗ്സ്, ഹോസുകൾ, വാട്ടർ ടാങ്കുകൾ എന്നീ ഉത്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ഹൈക്കൗണ്ട് 2020-21 സാമ്പത്തിക വർഷത്തേക്കായി ലക്ഷ്യമിടുന്നത് 200 കോടി രൂപയുടെ വിറ്റുവരവ്. ഇതിന്റെ ഭാഗമായി നൂതനമായ ചതുര മഴവെള്ള സംഭരണിയായ (സ്‌ക്വയർ വാട്ടർ ഹാർവെസ്‌റ്റർ)​ ഹൈക്കൗണ്ട് ഹൈസ്‌ക്വയർ,​ ക്രോസ് ലാമിനേറ്റഡ് മൾട്ടി ലയേഡ് ടർപ്പോളിൻ ആയ ഹൈക്കൗണ്ട് ഹൈപ്പോളിൻ എന്നിവ വിപണിയിലെത്തിക്കും.

ഉത്‌പന്നങ്ങളുടെ വിപണന ഉദ്ഘാടനം 26ന് വൈകിട്ട് കണ്ണൂരിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കുമെന്ന് ഹൈക്കൗണ്ട് ഗ്രൂപ്പ് കമ്പനികളുടെ ഡയറക്‌ടർമാരായ ഹിൻഫാസ് ഹബീബ്,​ ഹിൻസാഫ് ഹബീബ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. പി.വി.സി പ്രൊഫൈസ് സാങ്കേതികവിദ്യകളിലേക്കുള്ള കമ്പനിയുടെ പ്രവേശനം കൂടിയാണ് ഹൈക്കൗണ്ട് ഹൈസ്‌ക്വയർ ഉത്‌പന്നത്തിലൂടെ യാഥാർത്ഥ്യമായത്.

ഗ്രൂപ്പിന്റെ കണ്ണൂർ,​ ഷൊർണൂർ എന്നിവിടങ്ങളിലെ പ്ളാന്റുകളിൽ നിർമ്മിക്കുന്ന ഹൈസ്‌ക്വയർ കേരളം,​ കർണാടക,​ മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഉടൻ വിപണിയിലെത്തും. ഗുജറാത്തിലെ പോളിഫിൻ കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ഹൈക്കൗണ്ട് ഹൈപ്പോളിൻ നിർമ്മാണം. കേരളം,​ തമിഴ്‌നാട് എന്നിവിടങ്ങളിലായി കമ്പനിക്ക് ഏഴ് ഫാക്‌ടറികളുണ്ട്. 500ലേറെപ്പേർ ഇവിടെ ജോലി ചെയ്യുന്നു. 4,​000 ഡീലർമാരും കമ്പനിക്കുണ്ട്.