
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം പുനർനിർമ്മിക്കാനുള്ള ചുമതല ഡി.എം.ആർ.സിയെ ഏൽപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പാലത്തിന്റെ പുനർനിർമാണം സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അംഗീകരിക്കാനും തീരുമാനിച്ചു. പാലം പുതുക്കി പണിതാൽ 100 വർഷം വരെ ആയുസ് ലഭിക്കുമെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാമെന്നായിരുന്നു വിദഗ്ധ സമിതിയുടെ ശുപാർശ.
കൂടാതെ, പാലത്തിന്റെ തകരാർ കാരണം നഷ്‌ടം വന്ന തുക ബന്ധപ്പെട്ട കോൺട്രാക്ടറിൽ നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷന് നിർദേശം നൽകും. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
അഭീൽ ജോൺസന്റെ കുടുംബത്തിനു 10 ലക്ഷം രൂപ
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മത്സരത്തിനിടെ ഹാമർ തലയിൽ വീണ് മരണപ്പെട്ട അഭീൽ ജോൺസന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന ധനകാര്യ കമ്മിഷൻ
മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയർമാനായി ആറാം സംസ്ഥാന ധനകാര്യ കമ്മിഷൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്‌ക്കുള്ള അവാർഡു തുക നിർണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാർശകൾ സമർപ്പിക്കുന്നതിനാണ് കമ്മിഷൻ രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ കമ്മീഷനിൽ അംഗങ്ങളായിരിക്കും.