ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പിനെ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാദമുണ്ടാക്കിയ പാകിസ്ഥാനി ഗായിക റാബി പിർസാദ പുതിയ ഭീഷണിയുമായി ചിത്രം പുറത്തു വിട്ടു.
മോദിക്കെതിരെ ചാവേറാക്രമണം നടത്തുമെന്നാണ് പുതിയ ഭീഷണി. ചാവേറുകൾ ധരിക്കുന്നതുപോലെയുള്ള ബോംബ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നതാണ് ചിത്രം. ജാക്കറ്റിൽ ബോംബുകൾ പോലെ തോന്നുന്ന എന്തോ കെട്ടിവച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ പേരിൽ റാബി പിർസാദയെ പരിഹസിക്കുന്ന ഇന്ത്യക്കാരുടെ കമന്റുകൾ ട്വിറ്ററിലും മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലും നിറയുകയാണ്. പാകിസ്ഥാനിലെ ദേശീയ വസ്‌ത്രമാണോ ബോംബ് ജാക്കറ്റ് എന്നാണ് അവരുടെ ചോദ്യം.
ഒരു മാസം മുൻപാണ് പിർസാദ പാമ്പ് വീഡിയോ പുറത്തു വിട്ടത്. അതിൽ പാമ്പുകളെയും ചീങ്കണ്ണിയെയും താലോലിക്കുന്നതിനിടെയാണ് അവർ മോദിക്കെതിരെ ഭീഷണി മുഴക്കിയത്.