ന്യൂഡൽഹി: നഷ്ടം കുമിഞ്ഞുകൂടുന്ന പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽഎന്നിവയെ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലയനത്തിലൂടെ ലാഭത്തിന്റെ പാതയിലേക്ക് കയറ്റി കമ്പനികളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
മഹാനഗർ ടെലികോം നിഗം ലിമിറ്റഡ് (എം.ടി.എൻ.എൽ) ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്‌തിട്ടുണ്ട്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) ലിസ്റ്റ് ചെയ്തിട്ടില്ല. ലയനം പൂർത്തിയാകും വരെ ബി.എസ്.എൻ.എല്ലിന്റെ ഉപസ്ഥാപനമായി എം.ടി.എൻ.എൽ പ്രവർത്തിക്കും. കമ്പനികൾ അടച്ചുപൂട്ടുകയോ ഇവയിലെ സർക്കാർ ഓഹരി പങ്കാളിത്തം കുറയ്ക്കുകയോ ചെയ്യില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രക്ഷിക്കുന്ന 4 വഴികൾ
നാല് മാർഗങ്ങളിലൂടെയും ഘട്ടങ്ങളിലൂടെയുമാവും രക്ഷിക്കുക. തത്കാലം 29,937 കോടി രൂപ കമ്പനിയെ കരകയറ്റാൻ ആവശ്യമാണ്. ഇതിനായി കേന്ദ്ര സർക്കാർ തന്നെ 15,000 കടപ്പത്രങ്ങളിലൂടെ സമാഹരിക്കും. കമ്പനിയുടെ സ്വത്ത് വിറ്റ് 4 വർഷത്തിനുള്ളിൽ 38,000 കോടി രൂപ കണ്ടെത്തും. 2016ലെ നിരക്കിൽ 4ജി സ്‌പെക്‌ട്രം നൽകും. ഇതിനായി 20,140 കോടി രൂപ സർക്കാർ ചെലവഴിക്കും. ജി.എസ്.ടിയായ 3,674 കോടി രൂപയും സർക്കാർ വഹിക്കും. ജീവനക്കാർക്ക് പിരിയാൻ ആകർഷകമായ വി.ആർ.എസ് പദ്ധതി പ്രഖ്യാപിച്ചതാണ് നാലാമത്തെ വഴി.
നഷ്‌ടം 14,202 കോടി
ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും 2010 മുതൽ തുടർച്ചയായി കുറിക്കുന്നത് നഷ്‌ടമാണ്. സ്വകാര്യ ടെലികോം കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും 4ജിയുടെ അസാന്നിദ്ധ്യവുമാണ് തിരിച്ചടിയായത്.
ബി.എസ്.എൻ.എൽ കമ്പനിയുടെ 2018-19ലെ നഷ്‌ടം മാത്രം 14,202 കോടി രൂപ.
₹850 കോടി
ശമ്പള വിതരണത്തിനായി മാത്രം പ്രതിമാസം 850 കോടി രൂപയാണ് ബി.എസ്.എൻ.എല്ലിന് വേണ്ടത്. ഇതു പലപ്പോഴും മുടങ്ങി പ്രതിസന്ധിയിലാണ് കമ്പനി.
₹1.76 ലക്ഷം
ബി.എസ്.എൻ.എല്ലിൽ ജീവനക്കാരുടെ എണ്ണം 1.76 ലക്ഷം. എം.ടി.എൻ.എല്ലിന് 22,000 ജീവനക്കാരുണ്ട്.
ജീവനക്കാർക്ക് വി.ആർ.എസ് ഇങ്ങനെ
53.5 വയസ് തികഞ്ഞ ജീവനക്കാരൻ വി.ആർ.എസ് സ്വീകരിച്ചാൽ ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ 125 ശതമാനം (ഇരട്ടിയിൽ കൂടുതൽ) 60 വയസുവരെ കണക്കാക്കി നൽകും. കൂടാതെ ഗ്രാറ്റിവിറ്റിയും ഇ.പി.എഫും ഉടനേ ലഭിക്കും. 60 വയസു കഴിഞ്ഞ് പെൻഷനും കിട്ടും. 29,000 കോടി രൂപയാണ് വി.ആർ.എസിനായി സർക്കാർ നീക്കിവയ്‌ക്കുക. വി.ആർ.എസ് പദ്ധതിയിലൂടെ ബി.എസ്.എൻ.എല്ലിന്റെ വരുമാനത്തിൽ 6,365 കോടി രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നു. എം.ടി.എൻ.എല്ലിന് 2,120 കോടി രൂപയും നേട്ടമുണ്ടാകും.