gokulam
gokulam

ധാക്ക: ബംഗ്ലാദേശിലെ ഷെയ്ഖ് കമാൽ അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്.സി

തകർപ്പൻ ജയവുമായി തുടങ്ങി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ ബസുന്ധര കിംഗ്സിനെ 3-1ന് ഡ്യൂറൻഡ് കപ്പ് ചാമ്പ്യൻമാരായ ഗോകുലം തകർത്തു.

സൂപ്പർ താരവും നായകനുമായ മാർക്കസ് ജോസഫില്ലാതെയിറങ്ങിയ ഗോകുലനത്തിനായി ഹെൻറി കിസെക്ക ഇരട്ടഗോളുമായി തിളങ്ങി. നഥാനിയേൽ ഗാർഷ്യ ഗോകുലത്തിനായി ഒരു ഗോൾ നേടി.മോട്ടിൻ മിയയാണ് ബസുന്ധര കിംഗ്സിന്റെ ആശ്വാസ ഗോൾ നേടിയത്. നഥാനിയേലാണ് കളിയിലെ താരം.

25-ാം മിനിട്ടിൽ കിസെക്ക ഗോകുലത്തിന്റെ ആദ്യ ഗോൾ നേടി. 31-ാം മിനിട്ടിൽ കിട്ടിയ ഫ്രീകിക്ക് കൃത്യമായി വലയിലെത്തിച്ച് നഥാനിയേൽ ഗോകുലത്തിന്റെ ലീഡ് രണ്ടായി ഉയർത്തി. 46-ാം മിനിട്ടിൽ മത്സരത്തിൽ തന്റെ രണ്ടാമത്തേയും ഗോകുലത്തിന്റെ മൂന്നാമത്തെയും ഗോൾ നേടി. 74-ാം മിനിട്ടിലാണ് മിയയിലൂടെ ബസുന്ധര കിംഗ്സ് ഒരു ഗോൾ മടക്കിയത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗോകുലം ടെരെങ്കാനു എഫ്.സിയെ നേരിടും.