hareesh-rawat

ന്യൂഡൽഹി:വിമത കോൺഗ്രസ് എം. എൽ.എമാരെ കോഴകൊടുത്ത് പാട്ടിലാക്കാൻ ശ്രമിച്ച ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ സി. ബി. ഐ രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് കേസെടുത്തു.

2016ൽ ഉത്തരാഖണ്ഡ് രാഷ്‌ട്രപതി ഭരണത്തിലായിരിക്കുമ്പോഴാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോൺഗ്രസിൽ നിന്ന് ബി. ജെ. പിയിലേക്ക് കാലുമാറിയ ഒൻപത് എം. എൽ.എമാരെ പാട്ടിലാക്കാൻ അവർക്ക് കോഴ വാഗ്ദാനം ചെയ്‌ത് റാവത്ത് ചർച്ച നടത്തി. വിമാനത്താവളത്തിന്റെ ലൗഞ്ചിൽ വച്ച് നടന്ന ചർച്ച ഒരു ചാനൽ ഒളികാമറ ഓപ്പറേഷനിൽ പകർത്തിയിരുന്നു. ആ വിഡിയോ വിവാദമായതോടെ സംഭവം അന്വേഷിക്കാൻ കേന്ദ്രസർക്കാർ സി. ബി. ഐയെ നിയോഗിച്ചു. സി. ബി. ഐ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റാവത്തിനെതിരെ കേസെടുക്കാൻ നൈനിറ്റാൾ ഹൈക്കോടതി കഴിഞ്ഞ മാസം സി. ബി. ഐക്ക് അനുമതി നൽകിയിരുന്നു.

റാവത്തിന് പുറമേ അന്ന് കൂടിയാലോചനയിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ മന്ത്രിസഭാംഗമായിരുന്ന ഹരാക് സിംഗ് റാവത്തിനും ചാനൽ എഡിറ്റർക്കും എതിരെയും സി. ബി. ഐ കേസെടുത്തിട്ടുണ്ട്. ഇവരിൽ ഹരാക് സിംഗ് റാവത്ത് പിന്നീട് ബി. ജെ. പിയിൽ ചേർന്നു. ഇപ്പോൾ അദ്ദേഹം ബി. ജെ. പി. സർക്കാരിൽ മന്ത്രിയുമാണെന്നതാണ് കൗതുകം.

സി. ബി. ഐ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്ന് റാവത്ത് ഇന്നലെ പ്രതികരിച്ചു.