തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ 'കൊക്കോണിക്സ്' അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്റൽ, യു.എസ്.ടി ഗ്ലോബൽ, ആക്സിലറോൺ, കെൽട്രോൺ, കെ.എസ്.ഐ.ഡി.സി എന്നീ ടെക്നോളജി സ്ഥാപനങ്ങൾ ഒന്നിച്ച് നിർമിക്കുന്ന ഈ ലാപ്പ്ടോപ്പ് മൺവിളയിലെ കെൽട്രോണിന്റെ പ്രിന്റഡ് സർക്യൂട്ട് ബോർഡ് നിർമാണശാലയിലാണ് വിപണനത്തിനായി തയാറായിക്കൊണ്ടിരിക്കുന്നത്. നാല് വ്യത്യസ്ത നിറങ്ങളിലായി മൂന്ന് മോഡലുകളിലാകും ഈ ലാപ്പ്ടോപ്പ് വിപണിയിൽ പ്രവേശിക്കുക. രാജ്യത്തിന് പുറത്തെ വിപണി ലക്ഷ്യമാക്കാതെ ആഭ്യന്തര വിപണി ഉന്നം വച്ചാകും 'കൊക്കോണിക്സ്' പുറത്തിറങ്ങുക. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മികച്ച മാതൃകയായി ഈ ലാപ്പ്‌ടോപ്പുകൾ മാറുമെന്ന് ഇന്റൽ ഇന്ത്യ മേധാവി നിർവൃതി റായ് അഭിപ്രായപ്പെട്ടതായും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'മൺവിളയിൽ ഉള്ള കെൽട്രോണിന്റെ പഴയ പ്രിന്റഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിർമാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാൻഡ് ആയ കൊക്കോണിക്സ് ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. "ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ് മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക", എന്നാണ് കേരളത്തിന്റെ ഈ പരീക്ഷണത്തെ ഇന്റലിന്റെ ഇന്ത്യാ ഹെഡ് നിർവൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്.
ഇന്റൽ, യു.എസ്.ടി ഗ്ലോബൽ, കെൽട്രോൺ, അക്സിലറോൺ എന്ന സ്റ്റാർട്ട് അപ്പ്, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സ്ഥാപനങ്ങൾ ഒന്ന് ചേർന്നാണ് കൊക്കോണിക്സ് നിർമ്മിക്കുന്നത്. ഉത്‌പാദനത്തിലും വിലപനയിലും സർവീസിലും മാത്രമല്ല കൊക്കോണിക്സ് കേന്ദ്രീകരിക്കുന്നത്, പഴയ ലാപ്ടോപുകൾ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.
മൂന്നു മോഡലുകളിൽ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയിൽ എത്തും.'