ന്യൂഡൽഹി: നഷ്ടത്തിലായ പൊതുമേഖലാ ടെലികോം കമ്പനികളായ എം.ടി.എൻ.എലും ബി.എസ്.എൻ.എലും ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ടെലികോം മന്ത്രി രവിശങ്കർ പ്രസാദാണ് ലയനതീരുമാനം അറിയിച്ചത്.
പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി കടപ്പത്രം ഇറക്കുകയും ആസ്തികൾ വിൽക്കുകയും ചെയ്യും. ജീവനക്കാർക്കായി സ്വയംവിരമിക്കൽ (വി.ആർ.എസ്) നടപ്പാക്കും. കടപ്പത്രത്തിലൂടെ 15000 കോടിയും ആസ്തി വില്‍പനയിലൂടെ 38,000 കോടിയും നാല് വർഷം കൊണ്ട് സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സമ്പൂർണ ലയനത്തിന് ശേഷം ബി.എസ്.എൻ.എലിന്റെ അനുബന്ധ സ്ഥാപനമായി എം.ടി.എൻ.എൽ പ്രവർത്തിക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാർക്ക് വി.ആർ.എസ് നടപ്പാക്കുന്നത്. ആകർഷകമായ സ്വയം വിരമിക്കൽ പാക്കേജാകും നടപ്പിലാക്കുക. ഇതിനായി 29,937 കോടി രൂപ സർക്കാർ നീക്കിവെക്കുമെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു.