കൊല്ലം: എട്ടാം ക്ലാസുകാരി പെൺകുട്ടിയെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയിരുന്ന അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിച്ചിരുന്ന കടയ്ക്കലിലുള്ള ചരിപ്പറമ്പ് കോവൂർ സ്വദേശിയായ ആഷിഖിനെതിരെ പൊലീസ് പോസ്കോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാൾ നിരന്തരം ഇവരുടെ വീട് സന്ദർശിച്ചിരുന്നു.
റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ അവളുടെ വീട്ടിലെത്തി വശീകരിച്ച ശേഷമാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇതുമൂലം പഠനവിഷയങ്ങളിൽ പുറകിലായിരുന്ന പെൺകുട്ടിയോട് സ്‌കൂൾ അദ്ധ്യാപകർ സംസാരിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി നിരന്തരം ലൈംഗിക പീഡനം നേരിട്ടിരുന്നു എന്ന വിവരം അദ്ധ്യാപകർ മനസിലാക്കുന്നത്.
തുടർന്ന് അദ്ധ്യാപകർ ഈ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ആഷിഖിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്.