ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ പമ്പുകൾ തുറക്കാൻ എണ്ണ ഇതര കമ്പനികൾക്കും അവസരമൊരുക്കി കേന്ദ്രസർക്കാർ. ഇതിനായി ചട്ടങ്ങളിൽ ഇളവനുദിക്കാൻ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യയിൽ ഏറ്റവും വളർച്ചയുള്ള ഇന്ധന വിതരണ വിപണിയിൽ കൂടുതൽ സ്വകാര്യ-വിദേശ കമ്പനികൾ പ്രവേശിക്കാനുള്ള അവസരമാണ് ഇതുവഴി സർക്കാർ ഒരുക്കുന്നത്.
നിലവിൽ ഹൈഡ്രോകാർബൺ പര്യവേക്ഷണം, ഉത്‌പാദനം, റിഫൈനിംഗ്, പൈപ്പ്‌ലൈൻ സ്ഥാപിക്കൽ, എൽ.പി.ജി ടെർമിനൽ എന്നിവയിലായി കുറഞ്ഞത് 2,000 കോടി രൂപ നിക്ഷേപമുള്ള കമ്പനികൾക്കാണ് പെട്രോൾ പമ്പ് ആരംഭിക്കാനുള്ള ലൈസൻസ് ലഭിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ 250 കോടി രൂപയുടെ മൂല്യമുള്ള കമ്പനികൾക്കും നിബന്ധനകൾക്ക് വിധേയമായി ലൈസൻസ് നേടാം.
പെട്രോൾ, ഡീസൽ എന്നിവയുടെ വില്‌പനയ്ക്കുള്ള ലൈസൻസാണ് ലഭ്യമാക്കുക. അതേസമയം, പ്രവർത്തനം ആരംഭിച്ച് മൂന്നുവർഷത്തിനകം പുതുതലറമുറ ഇന്ധനങ്ങളായ സി.എൻ.ജി., എൽ.എൻ.ജി, ജൈവ ഇന്ധനങ്ങൾ (ബയോ ഫ്യുവൽസ്) എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ വിതരണം അല്ലെങ്കിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സൗകര്യം എന്നിവ ഒരുക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്. മൊത്തം ഔട്ട്‌ലെറ്റുകളുടെ അഞ്ചുശതമാനം അഞ്ചുവർഷത്തിനകം ഗ്രാമീണ മേഖലയിൽ ആയിരിക്കണമെന്നും കാബിനറ്റിന്റെ സാമ്പത്തിക കാര്യ സമിതിയുടെ (സി.സി.ഇ.എ) തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ചട്ടം പാലിക്കാത്ത കമ്പനികൾ മൂന്നുകോടി രൂപ പിഴ നൽകേണ്ടി വരും.
''ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് നയങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം. ഇത് കൂടുതൽ നിക്ഷേപമെത്താനും നേരിട്ടും പരോക്ഷമായും ഒട്ടേറെ തൊഴിലുകൾക്കും അവസരമൊരുക്കും. കൂടുതൽ പമ്പുകൾ തുറക്കുന്നത് ഉപഭോഗവും കൂട്ടും"",
പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി
വിദേശികൾ വരും
ചട്ടങ്ങളിൽ ഇളവനുവദിച്ച കേന്ദ്രനീക്കം സൗദി ആരാംകോ, ഫ്രാൻസിലെ ടോട്ടൽ എസ്.എ., ബ്രിട്ടനിലെ ബി.പി., പ്യൂമ എനർജി എന്നിവയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം എളുപ്പത്തിലും വേഗത്തിലുമാക്കും.
1500
അദാനി ഗ്രൂപ്പുമായി ചേർന്ന് ടോട്ടൽ എസ്.എ 1,500 പെട്രോൾ പമ്പുകൾ തുറക്കാൻ കഴിഞ്ഞ നവംബറിൽ അപേക്ഷ സമർപ്പിച്ചിരുന്നു. റിലയൻസ് ഇൻഡസ്‌ട്രീസുമായി ചേർന്ന് പമ്പുകൾ തുറക്കാൻ ബി.പിയും ശ്രമിക്കുന്നുണ്ട്.
സ്വകാര്യന്മാർ
റിലയൻസ് ഇൻഡസ്‌ട്രീസിന് 1400, നയാര എനർജിക്ക് (എസാർ ഓയിൽ) 5344, റോയൽ ഡച്ച് ഷെല്ലിന് 160 എന്നിങ്ങനെ പമ്പുകൾ ഇന്ത്യയിലുണ്ട്.
65,554
ഇന്ത്യയിൽ ആകെ പെട്രോൾ പമ്പുകൾ 65,584. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഏറ്റവും കൂടുതൽ - 27,971. ബി.പി.സി.എൽ - 15,078, എച്ച്.പി.സി.എൽ - 15,584.