news

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എതിരെ കേസെടുത്തു


1. നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എതിരെ പൊലീസ് കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്ത് ഇരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സ്ത്രീകളെ അപമാനിക്കുക, സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ട് ദിവസത്തിനുള്ളില്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യും. മഞ്ജു വാര്യരുടെ മൊഴിയും രേഖപ്പെടുത്തും.




2. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണി പെടുത്തുന്നതായും, അപകടത്തില്‍ പെടുത്താന്‍ ശ്രമിക്കുമോ എന്ന് ഭയമുണ്ട് എന്നും, തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്ക് ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുണ്ട് എന്നുമാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയില്‍ മഞ്ജു വാര്യര്‍ പറയുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന് ഭയപ്പെടുന്നതായും മഞ്ജുവിന്റെ പരാതിയിലുണ്ട്.
3. എം.ജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍വകലാശാല നടപടി എടുക്കും എന്ന് വിവരം. സര്‍വകലാശാലയെ സര്‍ക്കാര്‍ അനൗദ്യോഗികമായി നിലപാട് അറിയിച്ചു. വിവാദവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് സര്‍ക്കാരിന്റെ തീരുമാനം. നാളെ എം.ജി സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരും. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ പ്രോ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ആണ് സിന്‍ഡിക്കേറ്റ് ചേരുന്നത്. വിവാദമായ മാര്‍ക്ക് ദാനം പിന്‍വലിച്ചേക്കും എന്നും സൂചനയുണ്ട്.
4. കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളിയുടെ വിമര്‍ശനം, അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്‍കിയ സാഹചര്യത്തില്‍. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്‍കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വിശദികരിക്കാന്‍ മുഖ്യമന്ത്രിയും നിയമമന്ത്രിയും തയ്യാറാകണം എന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 20 മന്ത്രിമാര്‍ക്ക് പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം അഞ്ചായി. ഇഷ്ടക്കാര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നത് പിണറായി സര്‍ക്കാരിന്റെ പതിവ് പരിപാടിയായി മാറി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്ത് എന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
5. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ആണ് അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് റാങ്ക് പദവി നല്‍കാന്‍ തീരുമാനിച്ചത്. പുതിയ തീരുമാനം, ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയും മുന്‍ എം.പിയുമായ എ.സമ്പത്തിന് ക്യാബിനറ്റ് റാങ്ക് പദവി നല്‍കിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെ. എ. സമ്പത്തിനെ കൂടാതെ, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും, മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും, ചീഫ് വിപ്പ് കെ. രാജനും നിലവില്‍ ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്.
6. ഉന്നത സൈനികര്‍ക്ക് നേരെ ആക്രമണ ഭീഷണി എന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉന്നതരെ ലക്ഷ്യം ഇടുന്നതായി വിവരം. റോയുടെയും കരസേനയുടെയും ഡല്‍ഹി ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണി. ഉദ്യോഗസ്ഥരുടെ ഡല്‍ഹിയിലെ വീടുകള്‍ ലക്ഷ്യം വയ്ക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ജമാ അത്ത് ഉദ് ദവയും ലഷ്‌കര്‍ ഇ തൊയ്ബയും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു എന്നാണ് വിവരം. രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം.
7. കൂടത്തായി കൂട്ടകൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിനുള്ളില്‍ നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വിഷ വസ്തു കണ്ടെത്തി. പ്രതി വിഷ വസ്തു സൂക്ഷിച്ചിരുന്നത്, ഡ്രൈവര്‍ സീറ്റിന് ഇടതുഭാഗത്ത് രഹസ്യ അറ ഉണ്ടാക്കി. അറയിലെ പഴ്സിന് ഉള്ളില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ ആണ് വിഷവസ്തു കണ്ടെത്തിയത്. കാറില്‍ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും പരിശോധയ്ക്ക് അയക്കും എന്ന് അന്വേഷണ സംഘം
8. കാറിനുള്ളിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നത് എന്ന് ജോളി നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇത് സയനൈഡ് എന്ന് തെളിഞ്ഞാല്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ തെളിവാകും. ജോളി ഉപയോഗിച്ച കാറും സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിലും വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ ജോളിയെ 11 മണിക്കൂര്‍ ആണ് ചോദ്യം ചെയ്തത്. ഇന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിനോട് ഒപ്പം ഇരുത്തിയും അന്വേഷണ സംഘം മൊഴി എടുത്തിരുന്നു
9. പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നഷ്ടംവന്ന തുക കരാറുകാരില്‍ നിന്നും ഈടാക്കും. തുക തിരികെ പിടിക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. പാലത്തിന്റെ പുനര്‍ നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു കൊണ്ടാണ് നിര്‍മാണ ജോലികള്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കാന്‍ തീരുമാനമായത്. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാന്‍ ആണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കും എന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.
10. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളിലെ ഉയര്‍ന്ന പിഴ തുക കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. സീറ്റ്‌ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാലുള്ള പിഴ തുക 1000-ല്‍ നിന്നും 500 ആക്കും. ഉയര്‍ന്ന വേഗതയില്‍ വാഹനം ഓടിച്ചാലുള്ള പിഴത്തുക 1500 ഉം ആവര്‍ത്തിച്ചാല്‍ 3000ഉം ആയിരിക്കും. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ തുക 10,000 ആയി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനം ഓടിച്ചാലും പിഴയില്‍ കുറവുണ്ടാവില്ല. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്‍കാനും മന്ത്രിസഭാ തീരുമാനം. ഇതോടെ മന്ത്രിമാര്‍ക്ക് പുറമെ കാബിനറ്റ് റാങ്ക് ലഭിക്കുന്ന അഞ്ചാമനാണ് എ.ജി