തിരുവല്ല: കവിയൂരിൽ വൃദ്ധദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകത്തിനു ശേഷമുള്ള ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരുവാമനപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് തെക്കേതിൽ സുജാഭവനിൽ വാസു അചാരി (75), ഭാര്യ രാജമ്മ (69) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങൾ കാരണം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാസു ആചാരി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ മരണത്തിന് മകൻ പ്രശാന്തിന്റെ പ്രേരണയുണ്ടോയെന്ന് അന്വേഷിക്കും. പ്രശാന്ത് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച ഉച്ചയോടെ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാസു ആചാരി തൂങ്ങിമരിച്ച നിലയിലും, രാജമ്മയുടെ മൃതദേഹം കഴുത്തിന് വെട്ടേറ്ര നിലയിലുമായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിലുണ്ടായിരുന്ന മകൻ പ്രശാന്തിനെ (42) നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. വീട്ടിൽ നിന്നു ലഭിച്ച സാഹചര്യ തെളിവുകളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കൊലയ്‌ക്കു ശേഷമുള്ള ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയതെന്ന് കേസ് അന്വേഷിക്കുന്ന സി.ഐ ബൈജുകുമാർ പറഞ്ഞു.
വീടും വസ്തുവും സഹോദരിക്ക് എഴുതി നൽകിയതിനെച്ചൊല്ലി പ്രശാന്ത് മാതാപിതാക്കളുമായി വഴക്ക് പതിവായിരുന്നു. മകന്റെ ശല്യം സഹിക്കാൻ കഴിയുന്നില്ലെന്നും താൻ ആത്മഹത്യ ചെയ്യുമെന്നും മകളോടും സഹോദരിയോടും വാസു ആചാരി സംഭവദിവസം രാവിലെ ഫോൺ ചെയ്ത് പറഞ്ഞിരുന്നു. രാജമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കറിക്കത്തി മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വാസുവിന്റെ മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകൾ, ഒരാൾ തൂങ്ങിമരിക്കുമ്പോൾ സംഭവിക്കാവുന്നതാണെന്ന് പൊലീസ് സർജൻ സ്ഥിരീകരിച്ചിട്ടുണ്ട്.
വാസു ആചാരിയുടെ കൈകളിലെ രക്തക്കറ ഭാര്യയെ കൊലപ്പെടുത്തിയപ്പോൾ ഉണ്ടായതാകാമെന്നാണ് നിഗമനം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ലഭിച്ചതിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.