നെയ്യാറ്റിൻകര : ഫിലിപ്പൈൻസിൽ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഓലത്താന്നി ഉണ്ടവിള സാജൻ നിവാസിൽ രവീന്ദ്രന്റെയും ലതയുടെയും മകൻ ആർ.എൽ. സാജൻ (20) കഴിഞ്ഞ അഞ്ചിന് ബൈക്ക് അപകടത്തിലാണ് മരിച്ചത്. സാജന്റെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നോർക്കയിലൂടെ സഹായം ലഭിച്ചിരുന്നു. സാമ്പത്തികസഹായവും ലഭ്യമാക്കി . മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വിമാനമാർഗം എത്തിക്കുകയായിരുന്നു. കൊടങ്ങാവിള ആർ.സി പള്ളിയിൽ പൊതുദർശനത്തിനുവച്ചശേഷം നാല് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി കെ. ആൻസലൻ എം.എൽ.എ പുഷ്പചക്രം അർപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ളിയു.ആർ. ഹീബ, ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എം.ആർ സൈമൺ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.