1
പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ

എഴുകോൺ: പ്രശസ്ത കാഥികൻ എഴുകോൺ ലൈല നിലയത്തിൽ പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ (85) നിര്യാതനായി. നാലര പതിറ്റാണ്ട് കാലം കഥാപ്രസംഗ കലയിലൂടെ വേദികൾ കീഴടക്കിയ അദ്ദേഹം 30 ലേറെ കഥകൾ ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചു. കഥാപ്രസംഗ കലയുടെ സുവർണ കാലഘട്ടത്തിൽ വി.സാംബശിവനടക്കമുള്ളവരുടെ സമകാലികനായിരുന്നു. ഇരുമ്പനങ്ങാട് എ. ഇ. പി.എം ഹൈസ്കൂൾ അദ്ധ്യാപകൻ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, പുരോഗമന കഥാപ്രസംഗ കലാ സംഘടന രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആകാശവാണി, ദൂരദർശൻ ബി ഹൈ ആർട്ടിസ്റ്റ്, സോംഗ് ആന്റ് ഡ്രാമ ഡിവിഷൻ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. ഭാഷാ വൃത്തം കുമാര സംഭവം, ഭാഷാവൃത്തം രഘുവംശം മഹാകാവ്യം ഉൾപ്പെടെ നിരവധി കൃതികളും രചിച്ചിട്ടുണ്ട്. 2007 ലെ സാംബശിവൻ ഫൗണ്ടേഷൻ പുരസ്ക്കാരം, സംഗീതനാടക അക്കാദമി അവാർഡ്, ഫെല്ലോഷിപ്പ് തുടങ്ങി അനേകം ബഹുമതികൾ നേടിയിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ലൈല. മക്കൾ: വി. മഹേഷ് (മാനേജർ, പെപ്‌സി ഇന്റർനാഷണൽ ട്രേഡേഴ്സ്, കൊല്ലം), വി.സന്ദീപ് (ലക്ചറർ, എസ്.എൻ പോളിടെക്‌നിക്, കൊട്ടിയം). മരുമക്കൾ: ആർ.സ്മിത മഹേഷ് (അദ്ധ്യാപിക, പുന്നകോട് എച്ച്‌.എസ്), അശ്വതി (ലക്ചറർ, എൻജിനിയറിംഗ് കോളേജ്, തലച്ചിറ).