തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ തുടരുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. പുതുതായി കൺസെഷൻ അനുവദിക്കില്ലെന്ന തീരുമാനം കെ.എസ്.ആർ.ടി.സി പിൻവലിച്ചിട്ടുണ്ട്. കെ.എസ്.യു നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം വന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി കൺസെഷൻ അനുവദിച്ചിരുന്നില്ല. കൺസഷനുള്ള ആറായിരത്തോളം അപേക്ഷകളും ഏറെ നാളുകളായി കെട്ടിക്കിടക്കുകയായിരുന്നു. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ മുൻ തീരുമാനത്തിനെതിരെ പലയിടത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് വിദ്യാർത്ഥി സംഘടനകൾ കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.