സിംഗപ്പൂർ: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പുവർഷം പ്രതീക്ഷിക്കുന്ന 6.1 ശതമാനത്തിൽ നിന്ന് 2020ൽ ഏഴ് ശതമാനമായി മെച്ചപ്പെടുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐ.എം.എഫ്) വ്യക്തമാക്കി. മുഖ്യപലിശ നിരക്കിലെ ഇളവ്, കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവ ഇന്ത്യയ്ക്ക് നേട്ടമാകും.
സാമ്പത്തിക രംഗത്തെ ദൗർബല്യങ്ങൾ മനസിലാക്കിയാണ് ധനമന്ത്രാലയം അടുത്തിടെ പരിഷ്‌കരണ പദ്ധതികൾ പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണെന്ന് ഐ.എം.എഫിലെ ഏഷ്യാ പസഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ജൊനാഥൻ ഓസ്‌ട്രി പറഞ്ഞു. കഴിഞ്ഞ പാദങ്ങളിൽ ഇന്ത്യൻ ജി.ഡി.പി നേരിട്ട തളർച്ച 'അസാധാരണ"മായാണ് ഐ.എം.എഫ് കണ്ടത്. മേഖലാ സമഗ്ര സാമ്പത്തിക സഹകരണ (ആർ.ഇ.സി.പി) കരാറിൽ ഇന്ത്യയുടെ പങ്കാളിത്തം അനിവാര്യമാണ്. ചരക്കുകൾ മാത്രമല്ല, സേവന വ്യാപാരവും സ്വതന്ത്ര വ്യാപാരത്തിൽ ഉൾപ്പെടാൻ ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.