മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25ൽ അതിശയിപ്പിക്കുന്ന രൂപമാറ്റവുമായി സുരാജ് വെഞ്ഞാറമൂട്. വൃദ്ധന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. സൗബിൻ ഷാഹിറിന്റെ അച്ഛൻവേഷമാണ് സുരാജ് ചെയ്യുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റ് റോണെക്സ് സേവിയർ ആണ് ഈ രൂപമാറ്റത്തിനു പിന്നിൽ. "ഒട്ടും കൃത്രിമത്വം ഇല്ലാത്ത തികച്ചും സ്വാഭാവികമായ ഒരു രൂപമാറ്റമാണ് ഈ കഥാപാത്രത്തിന് വേണ്ടി അണിയറ പ്രവർത്തകർ ആഗ്രഹിച്ചത്.സിനിമയിലെ പ്രായം കാണിക്കാൻ മുടി മുൻ ഭാഗത്തു നിന്നും കളയേണ്ടി വന്നിരുന്നു. കഥാപാത്രത്തിന്റെ പ്രായം വെളിപ്പെടുത്തുന്ന ചുളിവുകൾ ഉണ്ടാക്കാൻ പ്രത്യേക തരം മെറ്റീരിയൽ ആണ് ഉപയോഗിച്ചത്. കാലാവസ്ഥയിലെ മാറ്റങ്ങളും അതിനോടനുബന്ധിച്ച ഈർപ്പവും എല്ലാം വെല്ലുവിളികൾ ആയിരുന്നു. ദിവസവും മണിക്കൂറുകൾ നീണ്ടു നിന്ന മേക്ക്അപ്പ് ഇളകാതെ സൂക്ഷിക്കാൻ ഒരുപാട് മുൻകരുതലുകൾ എടുത്തിരുന്നു. സുരാജ് എന്ന നടനിലെ പ്രതിഭയെയും അർപ്പണ ബോധത്തെയും അദ്ഭുതയോടെയല്ലാതെ നോക്കിക്കാണാൻ ആവില്ല. അത്രയും പ്രചോദനാത്മകം ആയിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അനുഭവം," മേക്ക്ഓവറിനെക്കുറിച്ച് റോണെക്സ് പറഞ്ഞു.
റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബറിലാണ് റിലീസിനൊരുങ്ങുന്നത്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25.
സാനു ജോൺ വർഗീസ് കാമറയും എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി.കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്..