ഭോപ്പാൽ: മദ്ധ്യപ്രദേശിൽ തൊഴിലില്ലായ്മയിൽ 40 ശതമാനത്തിന്റെ കുറവുണ്ടായതായി സർവേ ഫലം. മുംബയ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബിസിനസ് ഇൻഫോർമേഷൻ കമ്പനിയായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി നടത്തിയ സർവേയിലാണ്, കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ കുത്തനെ താഴോട്ട് പോയതായി കണ്ടെത്തിയത്. അതിവേഗം തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ കമൽനാഥ് സർക്കാർ വിജയിച്ചതാണ് ഇതിനുള്ള കാരണമായി സർവേ ഫലം പറയുന്നത്.
എന്നാൽ ഈ സാഹചര്യം സൃഷ്ടിക്കാൻ കാരണമായത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്നാണ് പ്രതിപക്ഷമായ ബി.ജെ.പി വാദിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സ്‌കിൽ ഇന്ത്യ പദ്ധതിയും സാമ്പത്തിക നയങ്ങളുമാണ് ഇതിനുള്ള കാരണമെന്നും ബി.ജെ.പി വാദിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ സംസ്ഥാനത്ത് സ്ഥാപിതമായ വ്യവസായ ശാലകൾ, തൊഴിൽ കിട്ടിയ യുവാക്കൾ, സർക്കാർ ജോലികളിൽ വന്ന ഒഴിവുകൾ എന്നിവയുടെ തെളിവുകൾ ഹാജരാക്കാനും ബി.ജെ.പി കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2019, ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിലാണ് ഗ്രാമീണ-നഗര തൊഴിൽ മേഖലകളിൽ സംസ്ഥാനത്ത് ഏറ്റവും പ്രകടമായ മാറ്റം സംഭവിച്ചതെന്നും സർവേ പറയുന്നു. 2018ൽ തൊഴിലില്ലായ്മ അതിന്റെ ഏറ്റവും രൂക്ഷമായ നിലയിൽ(7%) ആയിരുന്നു എന്നും സെപ്തംബർ 2019ൽ അത് 4.2 ശതമാനമായി കുറഞ്ഞുവെന്നും പഠന റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ ഇതിനോട് താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം ഒക്ടോബർ മാസത്തോടെ രാജ്യത്ത് തൊഴിലില്ലായ്മ 8.1 ശതമാനമായി ഉയർന്നിട്ടുണ്ട്.