കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ നഗരസഭയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ വിനായകൻ. നഗരസഭ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞെന്നും എല്ലാം കട്ടുമുടിച്ച് തീർക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പലതിനും വേണ്ടി നികത്തി നികത്തി കൊച്ചി കായൽ കുറച്ചുകൂടിയേ ബാക്കിയുള്ളൂ. അതുംകൂടി എത്രയും പെട്ടെന്ന് നികത്തിത്തന്നാൽ അത്രയും സന്തോഷമാകുമെന്ന് വിനായകൻ പരിഹസിച്ചു.
നഗരത്തിലെ സ്ഥലങ്ങളെല്ലാം ആർക്കോ വേണ്ടി നികത്തുകയാണ്. ആരാണ് ഇതൊക്കെ ചെയ്യുന്നത്? ഇത് ഒരിക്കലും നന്നാകാൻ പോകുന്നില്ല. വിശാല കൊച്ചി വികസന അതോറിറ്റിയും (ജി.സി.ഡി.എ) നഗരസഭയുമെല്ലാം ഉണ്ടായിട്ടും നഗരാസൂത്രണം എന്നൊന്ന് നടക്കുന്നില്ല. കാര്യമായ വിദ്യാഭ്യാസമില്ലാത്ത തനിക്ക് പോലും ഇതൊക്കെ തോന്നിയിട്ടും വിദ്യാഭ്യാസമുള്ള നഗരസഭ അധികാരികൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്?
ഇവിടെയുണ്ടായിരുന്ന തോടുകളൊക്കെ എവിടെപ്പോയി എന്ന് അന്വേഷിക്കണം. തോടുകളെല്ലാം ചളിക്കുണ്ടുകളായി. പനമ്പള്ളിനഗറിൽ നാട്ടുകാർ താമസിച്ചിരുന്ന സ്ഥലങ്ങളൊന്നും കാണാനില്ല. നാട്ടുകാരെല്ലാം ചളിക്കുണ്ടിൽ താമസിക്കേണ്ട അവസ്ഥയിലാണ്. അവരിൽ തന്റെ ബന്ധുക്കളടക്കമുണ്ട്.
വേലിയേറ്റവും വേലിയിറക്കവുമെല്ലാം സ്വാഭാവികമാണ്. വെള്ളക്കെട്ടിന് കാരണം ഇതൊന്നുമല്ല. ഇടതോ വലതോ ഒന്നുമല്ല പ്രശ്നം. എല്ലാം കട്ടുമുടിച്ചുതീർക്കുകയാണ്. കാശ് അടിച്ചുകൊണ്ടുപോകുന്ന ഇവരുടെ വീടുകളിലേക്ക് ജനം കയറും. ജി.സി.ഡി.എ എന്നുപറഞ്ഞ് ഒരു കെട്ടിടമുണ്ട്. അതൊക്കെ തല്ലിപ്പൊളിച്ച് കളയണം.
എറണാകുളത്ത് പോളിങ് ശതമാനം കുറയാൻ കാരണം വെള്ളക്കെട്ടാണെന്ന് താൻ വിശ്വസിക്കുന്നില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന നിലപാടാണ് നഗരവികസനത്തിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഉള്ളതെന്നും വിനായകൻ പറഞ്ഞു.