കൊച്ചി: സംവിധായകൻ ശ്രീകുമാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നെന്ന മഞ്ജു വാര്യരുടെ പരാതിയിൽ പൊലീസ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തിരുന്നു. ഭീഷണിയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യർ ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെ നടിയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. മഞ്ജു വാര്യർ രണ്ടാം തവണയും രക്ഷപ്പെടുവാൻ സ്വയം ശ്രമിച്ചുവെങ്കിൽ അതിനവർക്ക് കഴിയുന്നുവെങ്കിൽ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനവർ തിരഞ്ഞെടുക്കുന്നത് ഏതു വഴിയായാലും അതിനൊരു നീതീകരണമുണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
രക്ഷകന്മാരുടെ അവകാശവാദങ്ങളെ ഭയക്കാതെ, സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും കാണാച്ചരട് കഴുത്തിൽ കുരുങ്ങിക്കുരുങ്ങി മുറുകി ശ്വാസം മുട്ടിച്ചത്താൽമാത്രം കിട്ടുന്ന ആ സത്‌പേരിന് മോഹിക്കുന്നില്ല എന്നത് ഒരു സ്ത്രീയെങ്കിൽ ഒരു സ്ത്രീ തെളിയിക്കട്ടെ. അവരുടെ പ്രിവിലേജസ് അവരെ അതിനു സഹായിക്കുന്നുവെങ്കിൽ സഹായിക്കട്ടെ. അവർ എങ്ങനെയോ അങ്ങനെ ജീവിക്കട്ടെ. സ്വർഗത്തിലേക്കോ നരകത്തിലേക്കോ നൃത്തം ചെയ്തു കടന്നു പോകട്ടെയെന്ന് ശാരദക്കുട്ടി കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്‌നേഹബന്ധങ്ങൾഒരു പ്രത്യേക ഘട്ടം കഴിയുമ്പോൾ അതിന്റെ സ്വച്ഛ സൗന്ദര്യങ്ങളും ശാന്തതയും വിട്ട്, കഴുത്തിൽ കുരുക്കിട്ടു മുറുക്കിത്തുടങ്ങുമ്പോൾ, ശ്വാസം മുട്ടിക്കുമെന്നു തിരിച്ചറിയുവാനും അതിൽ നിന്ന് എങ്ങനെയും രക്ഷപ്പെടുവാനും ശ്രമിക്കുന്നത് വിവേചന ശക്തിയുടെ, ബുദ്ധിശക്തിയുടെ, അതിജീവനത്തിന്റെ ലക്ഷണമാണ്. മഞ്ജു വാര്യർ രണ്ടാം തവണയും രക്ഷപ്പെടുവാൻ സ്വയം ശ്രമിച്ചുവെങ്കിൽ, അതിനവർക്കു കഴിയുന്നുവെങ്കിൽ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനവർ തിരഞ്ഞെടുക്കുന്നത് ഏതു വഴിയായാലും അതിനൊരു നീതീകരണമുണ്ട്.
രക്ഷകന്മാരുടെ അവകാശവാദങ്ങളെ ഭയക്കാതെ, സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും കാണാച്ചരട് കഴുത്തിൽ കുരുങ്ങിക്കുരുങ്ങി മുറുകി ശ്വാസം മുട്ടിച്ചത്താൽ മാത്രം കിട്ടുന്ന ആ സത്‌പേരിന് മോഹിക്കുന്നില്ല എന്നത് ഒരു സ്ത്രീയെങ്കിൽ ഒരു സ്ത്രീ തെളിയിക്കട്ടെ. അവരുടെ പ്രിവിലേജസ് അവരെ അതിനു സഹായിക്കുന്നുവെങ്കിൽ സഹായിക്കട്ടെ. അവർ എങ്ങനെയോ അങ്ങനെ ജീവിക്കട്ടെ. സ്വർഗത്തിലേക്കോ നരകത്തിലേക്കോ നൃത്തം ചെയ്തു കടന്നു പോകട്ടെ.