തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ കാക്കനാടിൽ 'ഷീ ലോഡ്ജ്' ആരംഭിക്കാനൊരുങ്ങി കേരള സർക്കാർ. വനിതകൾക്ക് രാത്രിസമയങ്ങളിലും മറ്റും സുരക്ഷിതമായി ഒറ്റയ്ക്ക് താമസിക്കാനാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ 50 സെന്റ് വസ്തുവിൽ 'ഷീ ലോഡ്ജ്' ആരംഭിക്കുന്നതിനായി 3.75 കോടി രൂപയുടെ അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കുറഞ്ഞ വാടകയിൽ സുരക്ഷിതമായ താമസ സ്ഥലം ഒരുക്കുക എന്നതാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ കാക്കനാട്ട് ആരംഭിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള ഈ പദ്ധതി വരും വർഷങ്ങളിൽ സംസ്ഥാനത്തിന്റെ മറ്റ് പല ജില്ലകളിലും ആരംഭിക്കാൻ സാമൂഹ്യ നീതി വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തലസ്ഥാനത്ത് 'എന്റെ കൂട്' എന്ന പദ്ധതിയും സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ചിരുന്നു. നഗരത്തിൽ സഹായത്തിനാരുമില്ലാതെ എത്തിച്ചേരുന്ന വനിതകൾക്കും അവരോടൊപ്പമുള്ള 12 വയസുവരെയുള്ള കുട്ടികൾക്കും വൈകിട്ട് 5 മണി മുതൽ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമസ്ഥലം സൗജന്യമായി നൽകുന്നതാണ് 'എന്റെ കൂട്' പദ്ധതി.