vk-prasanth-

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിജയപ്രതീക്ഷയിലാണ് മൂന്നണികൾ. അഞ്ച് സീറ്റുകളിൽ മൂന്നിടത്ത് വിജയം നേടുമെന്ന ആത്മവിവ്സാവത്തിലാണ് സി.പി.എം. ക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിലേക്കാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വട്ടിയൂർക്കാവിൽ സി.പി.എം സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് അട്ടിമറി വിജയം നേടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

സിറ്റിംഗ് സീറ്റായ അരൂർ നിലനിറുത്തും. കോന്നിയും വട്ടിയൂർക്കാവും കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കും. മറ്റ് രണ്ട് മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്താൻ സാധിക്കും.വട്ടിയൂർക്കാവിൽ കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എം ഇത്തവണ അട്ടിമറി ജയം നേടുമെന്നാണ് പാർട്ടിനേതാക്കളുടെയും പ്രവർത്തകരുടെയും വിശ്വാസം.

അതേസമയം അഞ്ചിടത്തും വിജയപ്രതീക്ഷയുണ്ടെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. നേരത്തെ നാല് മണ്ഡലങ്ങളും കോൺഗ്രസിനൊപ്പമായിരുന്നു. അരൂർ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുക്കുമെന്നും കോൺഗ്രസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.

അതേസമയം, ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് പരസ്യമായ പ്രസ്താവനകളൊന്നും ബി.ജെ.പി നേതാക്കൾ നടത്തുന്നില്ല. മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് ബി.ജെ.പി നേരത്തെ പ്രതീക്ഷ പുലർത്തിയിരുന്നത്. ഇതിൽ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു.

നാളെ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ നടക്കുക. തപാൽ​ വോട്ടുകളാണ് ആദ്യം എണ്ണുക. 12 റൗണ്ടുകളിലൂടെയാണ് വോട്ടെണ്ണൽ പൂർത്തിയാകുക. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാൻ സാധിക്കും.