ഓമനമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്നത് പിരിമുറുക്കം അകന്ന് മാനസികാരോഗ്യം നേടാൻ മികച്ച മാർഗമാണ്. ഇതോടൊപ്പം ജന്തുജന്യരോഗങ്ങളെക്കുറിച്ചും അതീവ ജാഗ്രതയുണ്ടായിരിക്കണം. കാരണം ജന്തുജന്യരോഗങ്ങൾ ഗുരുതരമാകാനിടയുള്ളതാണ്. വൈറസ്, ബാക്ടീരിയ, പാരസൈറ്റുകൾ, ഫംഗസ് , വണ്ടുകൾ, ചെള്ളുകൾ, കൊതുക് തുടങ്ങിയവയാണ് രോഗവാഹകർ. രോഗബാധിതരായ മൃഗങ്ങളുടെ കടിയേറ്റോ നഖമേറ്റുള്ള മുറിവുകൾ കാരണമോ അവയുടെ ഉമിനീരിലൂടെയോ രോഗാണു ശരീരത്തിൽ പ്രവേശിക്കാം.
ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക: വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പുകളെടുക്കുക. കൃത്യമായ ഇടവേളകളിൽ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കുക. വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും കൂടുകൾ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വൃത്തിയാക്കി അണുനാശിനി തളിക്കുക. വളർത്തുമൃഗങ്ങളെ തെരുവ് മൃഗങ്ങളുമായി ഇടപഴകാൻ അനുവദിക്കരുത്.
വളർത്തുമൃഗങ്ങളെ അടുക്കളയിലോ ഭക്ഷണമുറിയിലോ കിടപ്പുമുറിയിലോ പ്രവേശിപ്പിക്കരുത്. രോഗാണുക്കൾ കലർന്ന ഭക്ഷ്യവസ്തുക്കളും രോഗങ്ങളുണ്ടാക്കും. അതിനാൽ ഭക്ഷ്യവസ്തുക്കൾ അടച്ചുസൂക്ഷിക്കുക. വളർത്തുമൃഗങ്ങളുമായും പക്ഷികളുമായും ഇടപഴകാൻ കുഞ്ഞുങ്ങളെ അനുവദിക്കരുത്.