parties

Election live updates...

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയം നേടി. മഞ്ചേശ്വരത്ത് യു.ഡി.എഫ്(മുസ്ലിം ലീഗ്) സ്ഥാനാർത്ഥിയായ എം.സി കമറുദീൻ മുന്നേറിയപ്പോൾ എറണാകുളത്ത് യു.ഡി.എഫിന്റെ തന്നെ ടി.ജെ വിനോദ് വിജയം നേടി. അരൂരിൽ എൽ.ഡി.എഫിന്റെ മനു സി. പുളിക്കലും യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാനും ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ് നടത്തിയത്. ഒടുവിൽ ഷാനിമോൾ ഉസ്മാൻ തന്നെ വിജയം നേടുകയായിരുന്നു. കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാർ ഉജ്വല വിജയം നേടി. ബി.ജെ.പി എറെ പ്രതീക്ഷ വച്ചിരുന്ന ഈ മണ്ഡലത്തിൽ എൻ.ഡി.എ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വട്ടിയൂർക്കാവ് മണ്ഡലത്തിലും എൽ.ഡി.എഫ് തങ്ങളുടെ വിജയം ആവർത്തിച്ച്‌. ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 14465 വോട്ടോടെയാണ് സ്ഥാനാർത്ഥിയും മേയറുമായ വി.കെ പ്രശാന്ത് ഇവിടെ ഉജ്വല വിജയം നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്താണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന വിധിയെഴുത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വ്യക്തമായ ആദ്യ ഫലസൂചനകൾ ഒരു മണിക്കൂറിനകം അറിയാം. ഉച്ചയോടെ അഞ്ചു മണ്ഡലങ്ങളിലെ ഫലവും പുറത്തുവരും. ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് മെഷീനുകൾ കൂടി എണ്ണിയതിനു ശേഷമാകും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം. പോളിംഗ് ശതമാനം കുറഞ്ഞ എറണാകുളം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഫലമാകും ആദ്യ പുറത്തുവരിക.

വട്ടിയൂർക്കാവിലെ വോട്ടുകൾ പട്ടം സെന്റ്മേരീസ് എച്ച്.എസ്.എസിലും, കോന്നിയിലെ വോട്ടുകൾ എലിയറയ്‌ക്കൽ അമൃത വി.എച്ച്.എസ്.എസിലും ആണ് എണ്ണുക. അരൂരിലേത് ചേർത്തല എൻ.എസ്.എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗർ ഗവ. ഹൈസ്കൂൾ ആണ് വോട്ടെണ്ണൽ കേന്ദ്രം. വിവി പാറ്റ് മെഷീനുകൾ എണ്ണുന്നത് സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും.

കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒപ്പം, മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നു. മഹാരാഷ്‌ട്ര, ബീഹാർ സംസ്ഥാനങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലത്തിലും തിങ്കളാഴ്ച ആയിരുന്നു വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണൽ ഇന്ന് നടക്കും.