തിരുവനന്തപുരം: ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ വട്ടിയൂർക്കാവിൽ വിജയമുറപ്പിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത്. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്‌തുവെന്നും, ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലല്ല മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് കാണാൻ കഴിയുന്നതെന്ന് പ്രശാന്ത് പ്രതികരിച്ചു.
'ബുദ്ധിമുട്ട് പ്രതീക്ഷിച്ച സ്ഥലങ്ങളിൽ ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ലീഡ് നേടാൻ കഴിഞ്ഞു. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എൽ.ഡി.എഫിന് അനുകൂലമായി തന്നെ വോട്ട് ചെയ്‌തു. എല്ലാ വിഭാഗം ആൾക്കാരുടെ വോട്ടും ഞങ്ങൾക്ക് ലഭിച്ചു. എൻ.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ട് ലഭിക്കും. അത് ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലാണെന്ന് തോന്നുന്നില്ല. ഈ മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് അത് കാണിക്കുന്നത്. അത് എൽ.ഡി.എഫിന് അനുകൂലമാണ്. സ്ഥാനാർത്ഥി എന്ന നിലയ്‌ക്ക് പറഞ്ഞ ലീഡിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7000 മുതൽ 15000 വരെ ലീഡ് കിട്ടും'- പ്രശാന്ത് പറഞ്ഞു.
നിലവിൽ 5795 വോട്ടിന്റെ ലീഡാണ് വി.കെ. പ്രശാന്തിനുള്ളത്. യു.ഡി.എഫിന്റെ മോഹൻകുമാറിനെയും ബി.ജെ.പിയുടെയും എസ്.സുരേഷിനെയും ബഹുദൂരം പിന്നിലാക്കിയാണ് പ്രശാന്ത് വിജയക്കുതിപ്പ് തുടരുന്നത്.