തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവിൽ ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥി വി.കെ പ്രശാന്തിന് ഉജ്ജ്വല വിജയം ലഭിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ലീഡ് നില ഏഴായിരം കഴിഞ്ഞു. ആദ്യഘട്ടം മുതൽ എല്ലാ റൗണ്ടിലും മുന്നിൽ പ്രശാന്തായിരുന്നു. മണ്ഡലത്തിൽ അണികൾ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
രണ്ടാം സ്ഥാനത്ത് യു.ഡി എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറാണ്. എൻ.എസ്.എസ് പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായെന്ന് മോഹൻകുമാർ പറഞ്ഞു. അതേസമയം ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. എന്നാൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ എസ് സുരേഷിന് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽപ്പോലും മുന്നിൽവരാൻ സാധിച്ചുമില്ല.
ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലല്ല മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് കാണാൻ കഴിയുന്നതെന്ന് പ്രശാന്ത് പ്രതികരിച്ചു.' ബുദ്ധിമുട്ട് പ്രതീക്ഷിച്ച സ്ഥലങ്ങളിൽ ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ലീഡ് നേടാൻ കഴിഞ്ഞു. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എൽ.ഡി.എഫിന് അനുകൂലമായി തന്നെ വോട്ട് ചെയ്‌തു. എല്ലാ വിഭാഗം ആൾക്കാരുടെ വോട്ടും ഞങ്ങൾക്ക് ലഭിച്ചു. എൻ.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ട് ലഭിക്കും. അത് ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലാണെന്ന് തോന്നുന്നില്ല. ഈ മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് അത് കാണിക്കുന്നത്. അത് എൽ.ഡി.എഫിന് അനുകൂലമാണ്. സ്ഥാനാർത്ഥി എന്ന നിലയ്‌ക്ക് പറഞ്ഞ ലീഡിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7000 മുതൽ 15000 വരെ ലീഡ് കിട്ടും'- പ്രശാന്ത് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്ത് നിന്ന ഒരു മണ്ഡലമാണ് വി.കെ പ്രശാന്ത് പിടിച്ചെടുത്തിരിക്കുന്നത്. അതിനാൽത്തന്നെ എൽ.ഡി.എഫിനെ സംബന്ധിച്ച് ഈ വിജയം ഇരട്ടിമധുരമാണ് നൽകുന്നത്. പ്രളയസമയത്തെ പ്രവർത്തനങ്ങളിലൂടെ മേയർ പ്രശാന്തിന് ജനങ്ങളുടെ മനസിൽ കയറിക്കൂടാൻ സാധിച്ചു. ഇതും വോട്ടിൽ പ്രതിഫലിച്ചുവെന്ന് അനുമാനിക്കാം.