തിരുവനന്തപുരം: കോന്നിയിലും വട്ടിയൂർക്കാവിലും ചില നേതാക്കന്മാർ തെറ്റായ സന്ദേശം നൽകിയതാണ് യു.ഡി.എഫ് പിന്നോട്ട് പോയതിന് കാരണമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. എത്ര ഉന്നതനാണെങ്കിലും അവർക്കെതിരെ പാർട്ടി നടപടി എടുക്കണം. പിന്നെ മേലാൽ ഈ പണി ആവർത്തിക്കില്ലെന്ന് രൂക്ഷമായാണ് ഉണ്ണിത്താൻ പ്രതികരിച്ചത്. എന്നാൽ ഫലം പൂർണമായും പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും എതിരാണെന്നും 2021ൽ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
'ആരും പാർട്ടിക്കും മുന്നണിക്കും അതീതരല്ല. നമ്മൾ മനസിലാക്കേണ്ട യാഥാർത്ഥ്യം അതാണ്. പാർട്ടിക്കതീതമായി പ്രവർത്തിക്കുന്നത് എത്ര ഉന്നതരാണെങ്കിലും അന്വേഷണം നടത്തി അവർക്കെതിരെ പാർട്ടി നടപടി എടുക്കണം. പിന്നെ മേലാൽ ഈ പണി ആവർത്തിക്കില്ല. കോന്നിയിലും വട്ടിയൂർക്കാവിലും ചില നേതാക്കന്മാർ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും തെറ്റായ സന്ദേശം നൽകി. ആ തെറ്റായ സന്ദേശമാണ് ജനങ്ങൾ പാലായിലെ പോലെ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്‌തത്. എന്തായാലും ഈ ഫലം പൂർണമായും പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും എതിരാണ്. യു.ഡി.എഫിന് അനുകൂലമാണ്. 2021ൽ കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന വ്യക്തമായ സൂചനയാണിത്'.