കോന്നി: കോന്നിയിൽ എൽ.ഡി എഫ് മുന്നേറുമ്പോൾ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോയി. കോന്നി കൈവിട്ടെന്ന് അദ്ദേഹം പ്രതികരിച്ചു. കോന്നിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി മോഹൻരാജിനേക്കാൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാർ ആറായിരത്തിൽ കൂടുതൽ വോട്ടിന്റെ ലീഡുമായി മുന്നേറുകയാണ്.
കോന്നിയില്‍ ചര്‍ച്ചയായത് രാഷ്ട്രീയമാണെന്നും, എൽ.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വച്ചാണ് വോട്ട് ചോദിച്ചതെന്ന് ജനീഷ് കുമാർ പ്രതികരിച്ചു. അതേസമയം, വിജയപ്രതീക്ഷയുണ്ടായിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. 42000 വോട്ടെങ്കിലും സുരേന്ദ്രന് ലഭിക്കുമെന്നയിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. എന്നാൽ ഇത് പകുതിയായി കുറയുന്ന കാഴ്ചയ്ക്കാണ് കോന്നി സാക്ഷ്യം വഹിക്കുന്നത്.
അടൂർ പ്രകാശിന്റെ കുത്തക മണ്ഡലമായ കോന്നി, 23 വർഷമായി കോൺഗ്രസിനൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്. എൽ.ഡി.എഫ് നേടിയ ഈയൊരു മുന്നേറ്റം യു.ഡി.എഫിനെ സംബന്ധിച്ച് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോൺഗ്രസിനുള്ളിലെ പോരാണ് പരാജയകാരണമെന്നാണ് പൊതുവിലുള്ള സംസാരം.
കോന്നിയിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക പരിഗണന വേണമെന്ന നിലപാടിലായിരുന്നു ബാബു ജോര്‍ജ്ജ്. അതേസമയം, ജാതിയല്ല ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ നിലപാട്. തന്‍റെ പിൻഗാമിയായി വിശ്വസ്തനായ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്ററുടെ പേരാണ് അടൂർ പ്രകാശ് മുന്നോട്ട് വച്ചിരുന്നത്. പി. മോഹൻരാജ് യു.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ അടൂർ പ്രകാശിന്റെ അനുയായികൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.