അരൂർ: അരൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫു ഇഞ്ചോടിഞ്ച് പോരൊട്ടത്തിലാണ്. നേരിയ ഭൂരിപക്ഷത്തിന്റെ മുൻതൂക്കമാണ് ഷാനിമോൾ ഉസ്‌മാനുള്ളത്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഷാനിമോൾ ഉസ്മാൻ. രണ്ടാംസ്ഥാനത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി പുളിക്കലും മൂന്നാം സ്ഥാനത്ത് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പ്രകാശ് ബാബുവുമാണുള്ളത്.
അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പ് പോലെ ഇത്തവണയും കോൺഗ്രസ് പടിവാതിൽക്കലെത്തി കലമുടയ്ക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് ഷാനിമോൾ ഉസ്മാൻ വിജയിച്ച് കയറുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്.തുടക്കത്തിൽ ലീഡ് നിലയും അങ്ങനെയായിരുന്നു. എന്നാൽ വിജയപ്രതീക്ഷയോടെ യു.ഡി.എഫ് കണ്ടിരുന്ന ആലപ്പുഴ മണ്ഡലം അവസാന നിമിഷം കൈവിട്ടു. അരൂർ നിയമസഭ മണ്ഡലത്തിലെ ജനകീയനായ എം.എൽ.എ എന്ന പേരു സമ്പാദിച്ച എ.എം.ആരിഫിനെയാണ് ജനങ്ങൾ ലോക്സഭയിലേക്ക് വിട്ടത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരുപത് മണ്ഡലങ്ങളിൽ 19ലും തോറ്റ ഇടതുമുന്നണിയെ നാണക്കേടിന്റെ പടുകുഴിയിൽ നിന്നും കൈ പിടിച്ചുയർത്തിയത് ആലപ്പുഴ മണ്ഡലമാണ്. ആലപ്പുഴ കൂടി കൈവിട്ടിരുന്നെങ്കിൽ സമ്പൂർണ തോൽവി എന്ന പട്ടം ഇടതുമുന്നണിക്ക് ചാർത്തപ്പെട്ടേനെ.
എന്നാൽ തിരഞ്ഞെടുപ്പിൽ തോറ്റ ഷാനിമോൾക്കും ആശ്വസിക്കാൻ ചിലത് ആ തിരഞ്ഞെടുപ്പിൽ സംഭവിച്ചിരുന്നു. അതിൽ ഏറ്റവും വലുതാണ് ആരിഫിന്റെ തട്ടകമായ അരൂരിൽ നേടിയ മേൽക്കൈ. അറുനൂറ്റി നാൽപ്പത്തിയെട്ട് വോട്ടുകളുടെ ലീഡാണ് ഇവിടെ സിറ്റിംഗ് എം.എൽ.എയായ ആരിഫിനെ പിന്തള്ളി ഷാനിമോൾ നേടിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അരൂരിലെ അട്ടിമറി ലീഡിൻെറ ബലത്തിലാണ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാനിമോൾ എത്തിയത്. ഇത്തവണയെങ്കിലും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നാണ് ഷാനിമോളുടെ പ്രതീക്ഷ.
.