election

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭരണത്തുടർച്ച നിലനിറുത്താൻ കച്ചകെട്ടി ബി.ജെ.പി. ഹരിയാനയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം. എന്നാൽ,​ ബി.ജെ.പി മഹാരാഷ്ട്രയിൽ തങ്ങളുടെ വിജയം ഏതാണ്ട് ഉറപ്പാക്കിയിരിക്കുന്നു. അതേസമയം,​ ശിവസേനയുടെ സഖ്യമില്ലാതെ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ സാധിക്കില്ല എന്ന അവസ്ഥയാണ് നിലവിലേത്. ഇവിടെ കോൺഗ്രസ് എൻ.സി.പി സഖ്യം ഒരുഭാഗത്തുണ്ട്. അവസാന ലീഡ് നില പുറത്തുവരുമ്പോൾ 161 സീറ്റുകളിലാണ് ബി.ജെ.പി-ശിവസേന സഖ്യം മുന്നിട്ടുനിൽക്കുന്നത്. ബി.ജെ.പി 94,ശിവസേന 67, കോൺഗ്രസ് 41, എൻ.സി.പി 52 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.

election

രണ്ട് സീറ്റിൽ സി.പി.എമ്മും മുന്നിലാണ്. ഏഴ് തവണ എം.എൽ.എയായ ജെ.പി ഗാവിറ്റ്, വിനോദ് നിക്കോൾ എന്നിവരാണ് മത്സരത്തിൽ മുന്നിലെത്തിയത്. കൽവാൻ മണ്ഡലത്തിലാണ് ജെ.പി ഗാവിറ്റ് മത്സരിക്കുന്നത്. ഈ സീറ്റ് ഇത്തവണയും പിടിച്ചെടുക്കുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മുതിർന്ന എം.ൽ.എമാരിലൊരാളാണ് ഗാവിറ്റ്. 2014ൽ പ്രോ ടെം സ്പീക്കറായിരുന്നു. നാസിക്, താനെ, പാൽഘർ ജില്ലകളിൽ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്. ദഹാനു മണ്ഡലത്തിൽ നിന്നാണ് വിനോദ് നിക്കൾ മത്സരിക്കുന്നത്. 2014ൽ ഈ സീറ്റ് സി.പി.എമ്മിന് നഷ്ടമായിരുന്നു.

ശിവസേനയോട് സഖ്യം കൂടാതെ ബി.ജെ.പിക്ക് അധികാരം നിലനിറുത്താൻ സാധിക്കില്ല എന്ന ചിത്രമാണ് പുറത്തു വരുന്നത്. മുംബയിലെ വോർളി മണ്ഡലത്തിൽ വൻ ലീഡുമായി ശിവസേന നേതാവ് ആദിത്യ താക്കറെ മുന്നേറുകയാണ്. 7,300ൽപരം ലീഡാണ് ആദിത്യ താക്കറെയ്ക്ക് ഉള്ളത്. ബി.ജെ.പി സർക്കാർ രൂപീകരിച്ചാൽ ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ നിലപാട്. ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ തന്നെ പുതിയ സർക്കാർ വരുമെന്ന് ബി.ജെ.പി നേതാക്കൾ ആവർത്തിക്കുന്നതിനിടയിലാണ് ശിവസേന മുഖ്യമന്ത്രി പദത്തിനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

election

മഹാരാഷ്ട്ര നിയമസഭയിലെ ആകെയുള്ള 288 സീറ്റുകളിൽ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ ബി.ജെ.പി 122 സീറ്റുകൾ നേടിയിരുന്നു. 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. കോൺഗ്രസ്-എൻ.സി.പി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ 83 സീറ്റുകളിൽ നിന്ന് 90 സീറ്റുകളിലേയ്ക്ക് സഖ്യത്തിന് സീറ്റു നില ഉയർത്താനായിട്ടുണ്ട്. കഴിഞ്ഞ തവണ 41 സീറ്റുകൾ നേടിയ എൻ.സി.പി ഇത്തവണ 50 സീറ്റുൾക്കടുത്താണ് ലീഡ് ചെയ്യുന്നത്. അതേസമയം,​ ഹരിയാനയിൽ 37 സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 34 സീറ്റിലും.