പത്തനംതിട്ട: ശബരിമല വിഷയം മാത്രം പറഞ്ഞിരുന്നാൽ കേരള നിയമസഭയിൽ 'കാലുകുത്താൻ' കഴിയില്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നേതാക്കന്മാർക്ക് വേണമെന്ന് ബി.ജെ.പിയുടെ അണികൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഉപതിരഞ്ഞെടുപ്പിൽ വിജയസാധ്യത കണക്കാക്കിയിരുന്ന കോന്നിയിൽ മൂന്നാമതെത്താനെ ബി.ജെ.പിക്കും സുരേന്ദ്രനും കഴിഞ്ഞുള്ളുവെന്നത് ഒരു പുനർചിന്തനത്തിന് പാർട്ടിയിൽ വഴിയൊരുക്കി കഴിഞ്ഞു.
ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ടും ശബരിമല കോന്നിയിൽ ഒരു ചലനവും സൃഷ്‌ടിച്ചില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറാണ് വിജയക്കുതിപ്പ് തുടരുന്നത്. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ 43224 വോട്ടുകളാണ് ജനീഷ് കുമാറിന് ലഭിച്ചത്. യു.ഡി.എഫിന്റെ പി.മോഹൻരാജിന് 35423 വോട്ട് ലഭിച്ചു. കെ.സുരേന്ദ്രന് ലഭിച്ചതാകട്ടെ 31165 വോട്ടുകളും. എൻ.എസ്.എസിന്റേയും ഓർത്തഡോക്സ് സഭയുടേയും ഉൾപ്പെടെ പിന്തുണയുണ്ടായിട്ടും കെ സുരേന്ദ്രൻ പിന്തള്ളപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.
ഇഞ്ചോടിഞ്ച് മത്സരമാണ് കോന്നിയിൽ പ്രതീക്ഷിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ ആദ്യഘട്ടങ്ങളിലൊക്കെയുള്ള പ്രതികരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ തനിക്ക് ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പൂർണമായും കോന്നി മണ്ഡലം എൻ.ഡി.എയെ കൈവിട്ടു എന്നും പറയാനാകില്ല. ബി.ജെ.പി പ്രതീക്ഷിച്ച വോട്ട് വിഹിതം കോന്നിയിൽ കിട്ടിയില്ലെങ്കിലും ഇത്തവണയും തല ഉയർത്തിപ്പിടിക്കാൻ പറ്റുന്ന തരത്തിൽ അവർക്ക് പ്രകടനം കാഴ്‌ച വയ‌്ക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിൽ ആശ്വസിക്കാം.