hariyana

ഛണ്ഡീഗഢ്: എക്സിറ്റ് പോൾ ഫലങ്ങളെ പൂർണമായി തള്ളി ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം. ബി.ജെ.പി സർക്കാരിനെ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസിന്റെ കുതിപ്പാണ് ഇപ്പോൾ ഹരിയാനയിൽ കാണാൻ സാധിക്കുന്നത്. 90 അംഗ നിയമസഭയിൽ 40 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുമ്പോൾ 31 സീറ്റിലാണ് കോൺഗ്രസിന്റെ ലീഡ്. 46 സീറ്റുകൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായി വരുമ്പോൾ 31 സീറ്റുള്ള കോൺഗ്രസ് ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയെ കൂടെ കൂട്ടാനാണ് പദ്ധതിയിടുന്നത്.

ഇതിനായി മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ജെ.ജെ.പിക്ക് വാഗ്ദ്ധാനം ചെയ്തെന്നാണ് റിപ്പോർട്ട്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജെ.ജെ.പിക്ക് 10 സീറ്റുകളുടെ ലീഡാണ് ഇപ്പോഴുള്ളത്. ജെ.ജെ.പി ഹരിയാനയിൽ നിർണായകമാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഭൂപീന്ദർ സിംഗ് ഹൂഡയടക്കമുള്ള നേതാക്കൾ ജെ.ജെ.പി നേതാക്കളുമായി ചർച്ച നടത്തി വരികയാണ്. ജെ.ജെ.പിയും കോൺഗ്രസും ധാരണയിലെത്തിയാൽ കർണാടക മോഡൽ സർക്കാർ രൂപീകരിച്ചേക്കും. സ്വതന്ത്രരുടെ പിന്തുണയും ഇതിനോകം കോൺഗ്രസ് തേടിയിട്ടുണ്ട്.