manjeswara

കാസർകോഡ്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ മുസ്‌ലിം ലീഗിന്റെ കാസർകോഡ് ജില്ലാ പ്രസിഡന്റ് എം.സി കമറുദ്ദീൻ ഒമ്പതിനായിരത്തിൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്. കഴിഞ്ഞതവണ 89 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷമായിരുന്നു. ഇത്തവണ തുടക്കംമുതൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീൻ മുന്നിലാണ്. എൻ.ഡി.എ സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാറാണ് രണ്ടാംസ്ഥാനത്ത്. എൽ.ഡി.എഫിലെ എം. ശങ്കർ റൈ മൂന്നാംസ്ഥാനത്താണ്.

'കഴിഞ്ഞ തവണ 89 വോട്ട് വന്നതോടെ പാർട്ടി പ്രവർത്തകർക്ക് കൂടുതൽ ജാഗ്രതയുണ്ടായി. ചിട്ടയായ പ്രവർത്തനമാണ് കാഴ്ചവച്ചത്. യു.ഡി.എഫിന്റെ ജില്ലാ കമ്മിറ്റി ചേർന്ന് ബൂത്ത് കമ്മിറ്റി ഉണ്ടാക്കി. വോട്ട് നേടാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തു. അതിനിടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നു. അപ്പോൾ ഞങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. അപ്പോൾത്തന്നെ മഞ്ചേശ്വരത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുണ്ടെന്നതിനെ സംബന്ധിച്ച് ശക്തമായ സന്ദേശം കൊടുത്തു. പാർട്ടിയേയും യു.ഡി.എഫിനെയും ശക്തമാക്കാനുള്ള നടപടി സ്വീകരിച്ചു'- കമറുദ്ദീൻ പ്രതികരിച്ചു.

മണ്ഡലത്തിൽ അഞ്ച് പോസ്റ്റൽ വോട്ടുകൾ മാത്രമാണുള്ളത് എന്നതുകൊണ്ടുതന്നെ യന്ത്രത്തിലെ വോട്ടുകൾ വേഗത്തിൽ എണ്ണിത്തുടങ്ങിയിരുന്നു. എന്നാൽ ആദ്യ റൗണ്ടിൽ തന്നെ നിരീക്ഷകൻ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനാൽ ഫലം പുറത്ത് വരാൻ അല്പം വൈകി. റീ കൗണ്ടിംഗ് നടത്തിയാണ് ആദ്യ റൗണ്ട് ഫലം പുറത്തുവിട്ടതെന്നാണ് അറിയുന്നത്.

എന്നാൽ ആദ്യഫലം പുറത്ത് വന്ന 8.30 മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുന്നിലെത്തി. 389 വോട്ടിന്റെ ലീഡാണ് ആദ്യം ഉണ്ടായത്. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 1100 വോട്ടിന്റെ ലീഡ് യു.ഡി.എഫ് നേടി. ഇതോടെ ചില മുസ്ലിംലീഗ് പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങിയെങ്കിലും ഇവരെ നേതാക്കൾ ഇടപെട്ട് തിരുത്തി. തുടർന്ന് 9 മണിയോടെ യു.ഡി.എഫ് ലീഡ് 2714 ആയി ഉയർത്തി. മഞ്ചേശ്വരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. രാവിലെ 9.30 ഓടെ യു.ഡി.എഫ് ലീഡ് 4000ത്തിലെത്തിച്ചു. എന്നാൽ തുടർന്ന് മീഞ്ച പഞ്ചായത്തിലേക്ക് വോട്ടെണ്ണൽ മാറിയപ്പോൾ ലീഡ് നില അല്പം കുറഞ്ഞു. ഇങ്ങനെയാണ് പത്തുമണിയോടെ 3323ലെത്തിയത്.

പ്രവചനങ്ങൾ അസാധ്യമാക്കുന്ന ശക്തമായ ത്രികോണപ്പോരാണ് മണ്ഡലത്തിൽ നടന്നത്. നാലുമാസം മുമ്പുനടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 11,000 വോട്ടിന്റെ വ്യക്തമായ മേൽക്കൈ യു.ഡി.എഫിന് ഉണ്ടായിരുന്നു.

ഹൈന്ദവ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും മണ്ഡലക്കാരനും ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ ഒരാളുമായ ഇടതു സ്ഥാനാർത്ഥി എം.ശങ്കർ റൈയുടെ പെട്ടിയിൽ വീണേക്കുമെന്ന വിലയിരുത്തൽ തന്നെയാണ് യു.ഡി.എഫിന് വലിയ ഭീഷണിയായത്. യു.ഡി.എഫ് വോട്ടിൽ ചോർച്ചയുണ്ടായാൽ അത് രണ്ടാംസ്ഥാനത്തുള്ള എൻ.ഡി.എക്ക് നേട്ടമാകുമെന്നും യു.ഡി.എഫ് വിലയിരുത്തിയിരുന്നു. അതേസമയം,​യു.ഡി.എഫിന്റെ ആശങ്കകളൊക്കെ മാറുന്ന കാഴ്ചയാണ് വോട്ടെണ്ണുമ്പോൾ. 2006 ൽ എൽ.ഡി.എഫിലെ സി.എച്ച് കുഞ്ഞമ്പു ലീഗിലെ ചെർക്കളം അബ്ദുള്ളയെ തോൽപ്പിച്ചിരുന്നു. തുടർന്ന് പി.ബി അബ്ദുറസാഖ് യു.ഡി.എഫിന്റെ തുണയ്ക്കെത്തി. അദ്ദേഹം 2016ൽ 89 വോട്ടിന് എൻ.ഡി.എയുടെ കെ. സുരേന്ദ്രനെ തോൽപ്പിച്ചു. എന്നാൽ കള്ളവോട്ട് ആരോപണവുമായി കെ. സുരേന്ദ്രൻ കോടതിയെ സമീപിച്ചു. എന്നാൽ കഴിഞ്ഞവർഷം അബ്ദുറസാഖ് അസുഖബാധിതനായി മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.