shanimol

ആലപ്പുഴ: ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്തി ഷാനിമോൾ ഉസ്മാൻ എൽ.ഡി.എഫിന്റെ ആരൂർ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. അത്യന്തം ആവേശകരമായ വോട്ടെണ്ണലിൽ വൻ അട്ടിമറിയിലൂടെയാണ് ഷാനിമോൾ ഉസ്മാൻ വിജയം സ്വന്തമാക്കിയത്. അവസാന നിമിഷം ലീഡ് കുറഞ്ഞെങ്കിലും വിജയം ഷാനിമോളോടൊപ്പമായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി.പുളിക്കലിനെ 2029ൽപരം വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ പരാജയപ്പെടുത്തിയത്. നിയമസഭയിലേക്ക് ഷാനിമോൾ മൂന്നാം തവണയാണ് മത്സരിക്കുന്നതെങ്കിലും ആദ്യമായാണ് വിജയിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോഴൊന്നും ബി.ജെ.പി സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് ചിത്രത്തിൽ ഇടം നേടാനായില്ല.

അരൂരിൽ തുടക്കം മുതൽ മന്ദഗതിയിലായ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാ‌ർത്ഥി ഷാനിമോൾ ഉസ്മാൻ മുന്നിൽ തന്നെയുണ്ടായിരുന്നു. തപാൽ വോട്ടുകൾ എണ്ണിയപ്പോഴും ആദ്യ അരമണിക്കൂറിലും 518 വോട്ടുകൾ നേടി എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു. സി. പുളിക്കലായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഒരുമണിക്കൂർ പിന്നിടുംമുമ്പ് 303 വോട്ടുകളുടെ ലീഡ് നേടി മുന്നിലെത്തിയ ഷാനിമോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നതനുസരിച്ച് നേരിയ തോതിലെങ്കിലും ലീഡ് മെച്ചപ്പെടുത്തി മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.

അരൂർ, അരൂർക്കുറ്റി, പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇടതുപക്ഷം ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിന് നേടിയ വോട്ട് നേടാൻ കഴിഞ്ഞില്ലെങ്കിലും ഷാനിമോൾക്കായിരുന്നു മുന്നേറ്റം. അരൂർ പഞ്ചായത്ത് പൂ‌ർണമായും അരൂക്കുറ്റി പഞ്ചായത്തിന്റെ പകുതിയും എണ്ണിതീർന്നപ്പോൾ 1511 വോട്ടുകളുടെ ഭൂരിപക്ഷം ഷാനിമോൾ നേടി. തുടർന്നും ലീഡ് മെച്ചപ്പെടുത്തിയ ഷാനിമോൾ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും ലീഡ് നില 2463 ആയി ഉയർത്തി.