തിരുവന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത്14,251 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ചരിത്ര വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. സി.പി.എം സർക്കാരിന്റെ പ്രവർത്തനത്തെ ഇഷ്ടപ്പെട്ടിട്ടല്ല ജനങ്ങൾ പ്രശാന്തിന് വോട്ട് ചെയ്തതെന്ന് ശശി തരൂർ എം.പി പ്രതികരിച്ചു. മേയർ വി.കെ പ്രശാന്തിന്റെ വിജയം വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒന്നരവർഷക്കാലം ഒന്നോ രണ്ടോ സീറ്റുകളിൽ കൂടുതൽ വിജയിച്ചിട്ട് ഞങ്ങൾക്ക് നിയമസഭയുടെ കാര്യത്തിൽ വലിയ വ്യത്യാസം വരാൻ പോണില്ല. പ്രതിപക്ഷ നേതാവിന്റെ കൈയിൽ കുറച്ച് കൂടി ശക്തി കൊടുത്താൽ നന്നായിരിക്കും,അത് നടന്നിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഒന്നരവർഷത്തിൽ ആരാണ് സംസ്ഥാനം ഭരിക്കാൻ പോകുന്നത് എന്നാണ് ശ്രദ്ധിക്കേണ്ടത്. ഇത്തവണ പലരും പ്രത്യേകിച്ച് വട്ടിയൂർക്കാവിൽ വ്യക്തികൾക്കാണ് വോട്ട് കൊടുത്തത്. ഇത് സി.പി.എം സർക്കാരിന്റെ പ്രവർത്തനത്തെ ഇഷ്ടപ്പെട്ടിട്ടല്ല അവർ വോട്ട് ചെയ്തത്- ശശി തരൂർ പ്രതികരിച്ചു.
ഈ സർക്കാരിന്റെ മൂന്നരവർഷത്തെ പ്രവർത്തനം ഏതെങ്കിലും രീതിയിൽ നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടിട്ടുണ്ടോയെന്നും ശശി തരൂർ ചോദിച്ചു. 'ഇത് പ്രശാന്തിന്റെ വ്യക്തിപരമായ വിജയമാണ്. ഒന്നരവർഷം കഴിയുമ്പോൾ ജനങ്ങളുടെ മനസിലുള്ള ചോദ്യം വേറെയായിരിക്കും. നമ്മൾ വോട്ട് ചെയ്യുന്നത് അടുത്ത സർക്കാരിന് വേണ്ടിയാണ്. ഈ അഞ്ച് വർഷം കഴിവില്ലായ്മ കാണിച്ച സർക്കാരിന് വോട്ട് കൊടുക്കേണ്ടെന്നേ ജനങ്ങൾ കരുതൂ.അതിനാൽ എനിക്ക് അക്കാര്യത്തിൽ വലിയ ഭയമില്ല'-ശശി തരൂർ പറഞ്ഞു.