s-harish

തിരുവനന്തപുരം: ഓട്ടൻതുള്ളൽ കലാരൂപത്തിന് രൂപം നൽകിയ കുഞ്ചൻ നമ്പ്യാരുടെ ഏറ്റവും മികച്ച തുള്ളൽപാട്ടായി കണക്കാക്കപ്പെടുന്നവയിൽ ഒന്നാണ് നളചരിതത്തിലെ 'നായർ വിശന്നു വളഞ്ഞു വരുമ്പോൾ...'. വിശന്നു വലഞ്ഞു വീട്ടിലേക്ക് വരുന്ന ഭർത്താവ്, തന്റെ ഭാര്യ, കഴിക്കാനായി ഒന്നും ഉണ്ടാക്കി വച്ചിട്ടില്ല എന്നറിഞ്ഞ് നടത്തുന്ന കോലാഹലങ്ങളാണ് ഈ തുള്ളൽപ്പാട്ടിന്റെ ഇതിവൃത്തം. വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോറ്റപ്പോൾ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കളിയാക്കാൻ എഴുത്തുകാരൻ എസ്.ഹരീഷ് ഉപയോഗിച്ചതും ഇതേ തുള്ളൽപ്പാട്ടാണ്.

സുകുമാരൻ നായരുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് കവിതയിലെ വരികൾ ഒന്നുവിടാതെ കുറിച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ പരിഹാസം. ഉപതിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ശരിദൂരം നിലപാടാണ് സ്വീകരിക്കുന്നത് എന്ന് എൻ.എസ്.എസ് പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ സർക്കാരിനുള്ള നയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു സുകുമാരൻ നായരുടെ ഈ തീരുമാനം. തങ്ങൾക്കാണ് എൻ.എസ്.എസിന്റെ പിന്തുണയെന്നു യു.ഡി.എഫും, ബി.ജെ.പിയും ഒരുപോലെ അവകാശപ്പെട്ടിരുന്നു. എന്നാൽ ജനവിധിയിൽ എൽ.എഫ്.ജയിച്ചപ്പോൾ എൻ.എസ്.എസ് പരിഹാസങ്ങൾ ഏറ്റുവാങ്ങുകയാണ്.

എസ്. ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല. ചുട്ടുതിളയ്ക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികൾ കിണ്ടികളൊക്കെയുടച്ചു. ഉരലു വലിച്ചു കിണറ്റിൽ മറിച്ചു. ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാ പ്പുരയുടെ ചുറ്റും മണ്ടി നടന്നു.'