തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ അഞ്ച് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു കഴിഞ്ഞു. മൂന്ന് സീറ്റ് യു.ഡി.എഫും രണ്ടെണ്ണം എൽ.ഡി.എഫും സ്വന്തമാക്കിയപ്പോൾ നിരാശയിലായത് ബി.ജെ.പിയാണ്. എവിടെയും താമര വിരിയ്ക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകളും നഷ്ടമായി. മഞ്ചേശ്വരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്താൻ സാധിച്ചത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന വട്ടിയൂർക്കാവിലുൾപ്പെടെ എൻ.ഡി.എ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.
കഴിഞ്ഞ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം ബി.ജെ.പി കാഴ്ചവച്ചിരുന്നു. അന്ന് വോട്ടെണ്ണലിന്റെ പല സന്ദർഭങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കുമോയെന്ന് പോലും അളുകൾ കണക്കുകൂട്ടിയിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യം തികച്ചും വിഭന്നമാണ്.അഞ്ച് മണ്ഡലങ്ങളിലും നേരത്തെ നേടിയ വോട്ടുപോലും എൻ.ഡി.എയ്ക്ക് കിട്ടിയില്ല.
അനുകൂലമായ കാലാവസ്ഥ പോലും ഉപയോഗിക്കാൻ കഴിയാത്ത ബി.ജെ.പിക്ക് കേരളത്തിൽ മുന്നേറണമെങ്കിൽ സംഘടനാ പരമായ സമൂലമായ ഉടച്ചുവാർക്കൽ ആവശ്യമാണെന്ന് തോന്നുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവും സംസ്ഥാന നേതൃത്വത്തിലെ ദിശാബോധമില്ലായ്മയും ബി.ജെ.പി ക്ക് തിരിച്ചടിയായെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. കേരളത്തിൽ വർഷങ്ങളായി നിലവിലുള്ള ദ്വിമുന്നണി സംവിധാനത്തെ മാറ്രി തങ്ങളുടെ മുന്നണിയെക്കൂടി പ്രധാന ട്രാക്കിൽ കയറ്രണമെങ്കിൽ ബി.ജെ.പി ക്ക് ഇനിയും ഒരുപാട് വിയർക്കേണ്ടിവരും.
ശബരിമല വിഷയത്തിൽ ഉണ്ടായ അനുകൂല വികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതലാക്കാൻ കഴിയാതിരുന്ന ബി.ജെ.പിക്ക് ആ വോട്ട് പോലും ഇപ്പോൾ നിലനിറുത്താൻ കഴിയുന്നില്ല. ദേശീയ തലത്തിൽ ഉണ്ടായ അനുകൂല അന്തരീക്ഷം കേരളത്തിൽ മുതലാക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ല. അതേസമയം ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു മുന്നണി എന്ന നിലയിൽ മുന്നോട്ടുപോവാനും കഴിയുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നേതൃത്വ മാറ്രത്തിനായുള്ള ആവശ്യം ബി.ജെ.പിയിൽ ഉയരാനാണ് സാദ്ധ്യത.