'ആ..."
ഇടിയുടെ ആഘാതത്തിൽ പരുന്ത് റഷീദ് വില്ലുപോലെ മുന്നോട്ടു വളഞ്ഞു. ഒപ്പം പിറകിലേക്കു നിരങ്ങി ഭിത്തിയിൽ ചെന്നിടിച്ചു. അയാൾക്ക് ശ്വാസം മുട്ടി.
''നീയൊക്കെ എനിക്ക് രണ്ടുതവണ പണി തന്നതല്ലേടാ. എന്നിട്ടും ഞാൻ ജീവനോടിരിക്കുന്നില്ലേ? പടച്ചവൻ തലയോട്ടിയിൽ എന്ത് വരച്ചിട്ടുണ്ടോ അതു തന്നെ നടക്കും. നിന്നെപ്പോലെയുള്ള ക്രിമിനലുകളെ തീർക്കാനായിരിക്കും എന്റെ ശിരസ്സിൽ കുറിച്ചിരിക്കുന്നത്."
സി.ഐ അലിയാർ അയാളുടെ തലമുടിയിൽ കുത്തിപ്പിടിച്ചുയർത്തി. പിന്നെ വലതു കൈയുടെ അകവും പുറവും വീശി തുരുതുരെ അടിച്ചു.
പരുന്തിന്റെ ഇരു കവിളുകളിലും നനഞ്ഞ തുണി കയ്യിൽ അടിക്കുന്നതു പോലെയുള്ള ശബ്ദം.
എസ്.ഐയും പോലീസുകാരും പകച്ചുപോയി.
എന്നിട്ടും നിർത്തിയില്ല അലിയാർ. പരുന്തിന്റെ ശിരസ്സുപിടിച്ച് തന്റെ ഇടതു കക്ഷത്തിനുള്ളിലാക്കി. ശേഷം വലതു കൈമുട്ടുകൊണ്ട് നട്ടെല്ലിനു മീതെ നാലഞ്ച് ഇടികൂടി.
പരുന്തിന്റെ വാ തുറക്കപ്പെട്ടു. അതുവഴി ചൂടുകാറ്റും ഞരക്കവും മാത്രം പുറത്തുവന്നു.
''സാർ..."
സുകേശ്, അലിയാരെ വിലക്കാൻ ഭാവിച്ചു.
''ഇയാൾ ചത്തുപോകും..."
അലിയാർ ക്രൂരമായി ചിരിച്ചു.
''ചാകട്ടെടോ... ഇവനൊക്കെ ജീവിച്ചിരുന്നാൽ അത് ഭൂമിക്കു ഭാരമാ. പാവപ്പെട്ടവർക്ക് പ്രാണഭീതിയും. തിന്നും കുടിച്ചും മദിച്ചും കൊടും ക്രിമിനലുകൾക്കു വേണ്ടി വേട്ടയാടിയും നടക്കുന്ന ഇവനെപ്പോലെയുള്ളവനെ തീർത്താൽ നാട് നന്നാകും. അതാണ് നമ്മൾ ചെയ്യുന്ന ഏറ്റവും പുണ്യകർമ്മം."
അലിയാർ, പരുന്തിനെ വലിച്ച് ഒരു കസേരയിലേക്കിട്ടു.
കഴുത്തൊടിഞ്ഞതു പോലെ പരുന്തിന്റെ മുഖം കുനിഞ്ഞു.
ഇങ്ങോട്ട് നോക്കെടാ."
അലിയാർ ഗർജ്ജിച്ചു.
പരുന്ത് പണിപ്പെട്ടു തലയുയർത്തി. അയാളുടെ മുഖത്ത് ചോരച്ചുവപ്പായി കൈവിരൽ പാടുകൾ.
കലങ്ങിയ കണ്ണുകൾ...
ചുണ്ടിന്റെ ഒരു ഭാഗം പൊട്ടിയിരിക്കുന്നു...
''ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തവും സത്യസന്ധവുമായ ഉത്തരം തന്നാൽ നിനക്ക് കുറച്ചുകാലം കൂടി ജീവിച്ചിരിക്കാം. മനസ്സിലായോ?"
പരുന്ത് മിണ്ടിയില്ല.
അലിയാർ കാലുയർത്തി അയാളുടെ മടിയിൽ ചവുട്ടിവച്ചു.
''നീ പറയുമോ ഇല്ലയോ. അതിപ്പം അറിയണം. അല്ലെങ്കിൽ ചോദ്യമില്ല. അടി മാത്രമേയുള്ളൂ."
''ഞാൻ പറയാം..."
പരുന്തിന്റെ നാവനങ്ങി.
''എങ്കിൽ പറ. ചന്ദ്രകലയും പ്രജീഷും എങ്ങോട്ടാ പോയത്?"
''സത്യമായിട്ടും എനിക്കറിയത്തില്ല സാറേ.."
പരുന്ത് ഞരങ്ങി.
''നിങ്ങളെന്തിനാ അങ്ങോട്ട് പോയത്?"
''അവരെ പിടിക്കാൻ..."
''അതോ കൊല്ലാനോ?"
''കൊല്ലാൻ." പരുന്ത് സമ്മതിച്ചു.
''ആരു പറഞ്ഞിട്ട്?"
പരുന്ത് ഒന്നു സംശയിച്ചു.
അലിയാരുടെ കാൽ അല്പം അമർന്നു.
''കിടാവ് സാറ് പറഞ്ഞിട്ടാ..." പരുന്തിന്റെ ചുണ്ടനങ്ങി.
''എല്ലാം വ്യക്തമായിട്ട് പറ. ഇന്നത്തെ കാര്യം മാത്രമല്ല ഇതിനു മുൻപ് ഉണ്ടായതടക്കം."
പരുന്ത് എല്ലാം പറഞ്ഞു.
ചന്ദ്രകലയും പ്രജീഷും വസ്തുവിന്റെ അഡ്വാൻസും വാങ്ങിക്കൊണ്ട് പോയതു മുതൽ...
അലിയാർ അടക്കം എല്ലാവരും അതുകേട്ട് സ്തബ്ധരായി.
ഒരു ജനപ്രതിനിധിയായ ശ്രീനിവാസ കിടാവിന്റെ ചെയ്തികൾ ഓരോന്നും എത്ര ക്രൂരമായിരുന്നുവെന്ന് അവർ ഓർത്തു.
ഇനി മറ്റൊരു ചോദ്യം കൂടി.
അലിയാർ, പരുന്തിന്റെ മടിയിൽ നിന്നു കാൽ പിൻവലിച്ചു.
എന്നെ കൊല്ലാൻ നിന്നെയൊക്കെ അയച്ചതും കിടാവല്ലേ? എല്ലാം തുറന്നു പറഞ്ഞാൽ നിന്നെ മാപ്പുസാക്ഷിയാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം ഞാൻ."
പരുന്തിന് നേരിയ ഒരു പ്രതീക്ഷ തോന്നി.
അയാൾ അതും സമ്മതിച്ചു.
അലിയാർ അമർത്തി മൂളി. പിന്നെ പരുന്തിന്റെ വിശദമായ സ്റ്റേറ്റ്മെന്റ് എടുക്കുവാൻ എസ്.ഐ സുകേശിനു നിർദ്ദേശം നൽകിയിട്ട് മുറിവിട്ടു.
കോൺസ്റ്റബിൾ പിന്നാലെ ചെന്ന് വാച്ച് മടക്കി നൽകി.
തന്റെ ക്യാബിനിൽ ഫാനിന്റെ വേഗത കൂട്ടിയിട്ട് അലിയാർ ചിന്തിച്ചിരുന്നു.
ഒരു എം.എൽ.എയെ അറസ്റ്റുചെയ്യണമെങ്കിൽ സ്പീക്കറുടെ സമ്മതം വാങ്ങണം.
അത് അത്രവേഗം കിട്ടുമെന്ന് തോന്നുന്നില്ല.
എസ്.പി ഷാജഹാൻ സാറിന്റെ സഹായത്തോടെയേ അതിനു കഴിയൂ.
പിന്നെ ചന്ദ്രകലയും പ്രജീഷും.
ചുങ്കത്തറയിലെ കിടാവിന്റെ വീട്ടിൽ നിന്ന് പത്തുകോടി രൂപ അവർക്കു കിട്ടിയിട്ടുണ്ടെങ്കിൽ അത്ര പെട്ടെന്ന് അവരെ പിടിക്കാൻ കഴിയില്ല.
പെട്ടെന്നു സ്റ്റേഷനു മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്ന് എം.എൽ.എ ശ്രീനിവാസ കിടാവും അനുജൻ ശേഖര കിടാവും ഇറങ്ങി.
സെൻട്രി അവരെ കണ്ട് ഭവ്യതയോടെ ചിരിച്ചു.
''സി.ഐ ഉണ്ടോ?"
കിടാവ് അയാളെ നോക്കി.
''ഉണ്ട് സാർ."
''ഉം." അമർത്തി മൂളിക്കൊണ്ട് കിടാവ് അകത്തേക്കു കയറി.
അതുകണ്ട പോലീസുകാർ ഭവ്യതയോടെ എഴുന്നേറ്റു.
കിടാവ്, സി.ഐയുടെ ക്യാബിന്റെ ഹാഫ് ഡോറിൽ മുട്ടി.
''യേസ്." അകത്തുനിന്നു ശബ്ദം കേട്ടു.
കിടാക്കന്മാർ അകത്തേക്കു കാൽവച്ചു.
ആറു കണ്ണുകൾ അസ്ത്രങ്ങൾ പോലെ പരസ്പരം കൊരുത്തു.
(തുടരും)