kerala-by-election

"അപ്പോ നമ്മള് ഒരുമിച്ചങ്ങ് ഇറങ്ങുവല്ലേ"..വട്ടിയൂർക്കാവിൽ മേയർക്കൊപ്പം ജനങ്ങളും ഒരുമിച്ചിറങ്ങി. പാലായെപ്പോലെ എൽ.ഡി.എഫിന്റെ കൂടെപോന്നു വട്ടിയൂർക്കാവും. മേയർ ബ്രോ യു.ഡി.എഫിൽ നിന്നും വട്ടിയൂക്കാവ് മണ്ഡലം പിടിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. ജാതി സമവാക്യത്തിന് വൻ പ്രാധാന്യമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ,​ എല്ലാം തകിടംമറിച്ചാണ് വികെ പ്രശാന്ത് മുന്നേറിയത്. വട്ടിയൂർക്കാവിൽ പയറ്റിയ ഇടത് തന്ത്രങ്ങൾ തന്നെയാണ് മേയർ ബ്രോയെ എം.എൽ.എ ബ്രോയിലേക്കെത്തിക്കാൻ സാധിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയ ബി.ജെപിയാകട്ടെ ഇക്കുറി വട്ടിയൂർക്കാവിൽ ദയനീയമായി പരാജയപ്പെട്ടു.

എൻ.എസ്.എസ് സാമുദായിക സമവാക്യങ്ങൾക്ക് നിർണായക പങ്കുളള വട്ടിയൂർക്കാവിൽ എൻ.എസ്.എസിന്റെ പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായെന്ന് യു.ഡി.എഫും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തിൽ 14251 വോട്ടുകൾക്കാണ് എൽ.ഡി.എഫ് വിജയിച്ചു കയറിയത്. യു.ഡി.എഫ് കോട്ടയിൽ അട്ടിമറി നടത്താനായി എന്നത് മാത്രമല്ല സിപി.എമ്മിനെ സംബന്ധിച്ച് എൻ.എസ്.എസിന്റെ വായടപ്പിക്കാൻ കൂടിയാണ് പ്രശാന്തിന്റെ വിജയത്തിലൂടെ സാധിച്ചത്. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണങ്ങളും ന്യൂനപക്ഷ പിന്തുണയും വട്ടിയൂർക്കാവിൽ നിന്നും ഇടതിന്റെ വിജയത്തിന് ആധാരമായിട്ടുണ്ട്. മേയർ ബ്രോയെ വിജയത്തിലേക്ക് നയിച്ച കാരണങ്ങൾ ഇവയൊക്കെയാണ്...

kerala-by-election

എൻ.എസ്.എസിന്റെ പിന്തുണ യു.ഡി.എഫിന് തിരിച്ചടി

എൻ.എസ്.എ സാമുദായിക സമവാക്യങ്ങൾക്ക് നിർണായക പങ്കുളള വട്ടിയൂർക്കാവിൽ എൻ.എസ്.എസിന്റെ പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് യു.ഡി.എഫിന് വൻ തിരിച്ചടിയായി. ഇത് മൂലം മറ്റ് സാമുദായിക വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഇടതിന് കേന്ദ്രീകരിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ.

സോഷ്യൽ മീഡിയയിലെ തരംഗം-മേയർ ബ്രോ ഇഫക്ട്

വി.കെ പ്രശാന്ത് സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. സോഷ്യൽ മീഡിയയിലെ ഈ തരംഗം അദ്ദേഹത്തെ മണ്ഡലവാസികൾ ഏറ്റെടുത്തുവെന്നാണ് വ്യക്തമാകുന്നത്. പ്രളയ കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കേരളത്തിന്റെ മുഴുവൻ സ്‌നേഹം ഏറ്റുവാങ്ങി.

കൂടാതെ ഇതുവരെ പിടി തരാതിരുന്ന മണ്ഡലത്തിൽ സാമുദായിക സമവാക്യങ്ങളെ മറികടന്നാണ് വി.കെ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കാനുളള തീരുമാനം സി.പി.എം കൈക്കൊണ്ടത്. മേയറുടെ ജനപ്രീതി മാത്രമായിരുന്നു സിപിഎമ്മിന്റെ ധൈര്യം. മേയർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയും പ്രളയകാലത്തെ സഹായപ്രവർത്തനങ്ങളും യുവാക്കൾക്കിടയിലുള്ള സ്വീകാര്യതയും പ്രശാന്തിന് മുതൽക്കൂട്ടായി. മേയർ എന്നതിനപ്പുറം തന്റെ പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചപ്പോൾ വട്ടിയൂർക്കാവ് ചുവപ്പണിഞ്ഞു.

വോട്ടുകളിലെ കേന്ദ്രീകരണം

ബി.ജെ.പി വോട്ടുകൾ സി.പി.എം സ്ഥാനാർത്ഥികക്ക് മറിക്കുമെന്ന കെ മുരളീധരന്റെ ആരോപണം ഇനി കോൺഗ്രസ് നേതാക്കൾ ഏറ്റെടുക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലേത്. എൻ.എസ്.എസിനെ ഇകഴ്ത്തി കാണിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നുണ്ടെന്നായിരുന്നു മുരളീധരന്റെ ആരോപണം. കഴിഞ്ഞതവണ കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈഴവ, ന്യൂനപക്ഷ വോട്ടുകൾ ഇടതിന് അനുകൂലമായി വട്ടിയൂർക്കാവിൽ കേന്ദ്രീകരിക്കപ്പെട്ടു.

kerala-by-election

ദുർബലരായ എതിർസ്ഥാനാർത്ഥികൾ

പ്രളയബാധിതരെ സഹായിച്ചതിലൂടെ സംസ്ഥാനത്തൊട്ടാകെ മികച്ച പ്രതിച്ഛായ സൃഷ്ടിച്ച പ്രശാന്തിനെ നേരിടാനാണ് മുൻ എം.എൽ.എ കൂടിയായ കെ.മോഹൻ കുമാറിനെ യു.ഡി.എഫ് രംഗത്തിറക്കിയത്. നായർ സമുദായത്തിൽ നിന്നുള്ളയാളെന്ന പരിഗണനയും ലഭിച്ചു. എന്നാൽ ഇത് തിരിച്ചടിക്കാണ് സാക്ഷ്യം വഹിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് വോട്ട് മറിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാർത്ഥി എസ്.സുരേഷും രംഗത്തെത്തിയിരുന്നു. മണ്ഡലത്തിൽ യു.ഡി.എഫിന്റെ വോട്ടുകൾ എൽ.ഡി.എഫിനായി മറിച്ചു നൽകിയെന്നും യു.ഡി.എഫിന്റെ ബൂത്തുകൾ നിർജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി എത്തിയ തനിക്ക് ആദ്യഘട്ടത്തിൽ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷത്തിന് ഇതുവരെ പിടി കൊടുക്കാത്ത മണ്ഡലമാണ് വട്ടിയൂർക്കാവ്. 2011ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്റെ കെ മുരളീധരനെയാണ് വട്ടിയൂർക്കാവ് തിരഞ്ഞെടുത്തത്. എന്നാൽ,​ പഴയൊരു ഇടത് കോട്ടയാണ് വട്ടിയൂർക്കാവ്. മണ്ഡലം നിലവിൽ വന്ന 1977ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ രവീന്ദ്രൻ നായരാണ് വിജയിച്ചത്. തുടർന്ന് 1980, 1987, 1991,1996, 2000 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് വിജയം കണ്ടത് 1982ലും 2001ലും മാത്രമായിരുന്നു 8 വർഷം വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന കെ മുരളീധരൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് ജയിച്ചതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.