ന്യൂഡൽഹി: കാശ്മീരിൽ ഇനി എത്ര നാൾ കൂടി നിയന്ത്രണങ്ങൾ നിലനിർത്താനാണ് ആലോചിക്കുന്നതെന്ന് കേന്ദ്രത്തോട് ആരാഞ്ഞ് സുപ്രീം കോടതി. എത്ര നാൾ കൂടി കാശ്മീരിൽ നിയന്ത്രണങ്ങൾ നിലനിർത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇപ്പോൾ തന്നെ രണ്ട് മാസം ആയില്ലേയെന്നുമാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചത്. ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് വ്യക്തത വരുത്തണമെന്നും വേറെ മാർഗങ്ങൾ കണ്ടെത്തണമെന്നും നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുന്നതിന് കുഴപ്പമില്ലെന്നും എന്നാൽ അവ പുനഃപരിശോധിക്കാൻ തയാറാകണമെന്നും പരമോന്നത നീതിപീഠം കേന്ദ്രത്തോട് പറഞ്ഞു.കാശ്മീരിലെ നിയന്ത്രങ്ങൾ ലഘൂകരിക്കണമെന്നും നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ഈ ഹർജികൾ തുടർ വാദങ്ങൾ കോടതി നവംബർ 5ലേക്ക് മാറ്റിയിട്ടുണ്ട്. ജമ്മു കാശ്‌മീരിൽ 99 ശതമാനം നിയന്ത്രണങ്ങളും എടുത്ത് കളഞ്ഞിട്ടുണ്ടെന്നും നിലവിലുള്ള നിയന്ത്രങ്ങൾ ദിവസേന പുനഃപരിശോധിച്ച് വരികയാണെന്നും ജമ്മു കാശ്‌മീർ ഭരണകൂടത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചു. ഇന്റർനെറ്റ് സൗകര്യങ്ങൾ സംസ്ഥാനത്ത് ഭീകരവാദ പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തർ, മാദ്ധ്യമപ്രവർത്തകർ എന്നിവരാണ് കാശ്മീരിൽ നിലവിലിരിക്കുന്ന നിയന്ത്രണങ്ങൾക്കെതിരെ ഹർജികൾ സമർപ്പിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയാനുള്ള തീരുമാനം വന്നത്.