
അഹമ്മദാബാദ്: കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന ഒ.ബി.സി നേതാവ് അൽപേഷ് താക്കൂറിന് ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ദയനീയ പരാജയം. 2017ൽ അൽപേഷ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച രധൻപുർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി രഘു ദേശായിയോട് അൽപേഷ് പരാജയപ്പെട്ടത്.
കോൺഗ്രസ് നേതൃത്വം താക്കൂർ സമുദായത്തെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് ഈ വർഷം ഏപ്രിലിൽ അൽപേഷ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. 2017ലാണ് അൽപേഷ് കോൺഗ്രസിന്റെ ഭാഗമായത്. കോൺഗ്രസിൽ ഉറച്ചുനിന്ന് താക്കൂർ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നാണ് അന്ന് അൽപേഷ് പറഞ്ഞിരുന്നത്. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ 15,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അൽപേഷ് പരാജയപ്പെടുത്തിയത്.
അൽപേഷിനൊപ്പം കോൺഗ്രസ് വിട്ട താക്കൂർ സമുദായത്തിലെ മറ്റൊരു എം.എൽ.എ ധവൽസിംഗ് ചലയും പരാജയ ഭീഷണിയിലാണ്. ബയാദ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി മത്സരിക്കുന്ന ധവൽസിംഗ് 2757 വോട്ടുകൾക്കാണ് പിന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ ജാഷു പട്ടേലാണ് ഇവിടെ ലീഡ് ചെയ്യുന്നത്.